കച്ചത്തീവ് വിഷയത്തിൽ പ്രധാനമന്ത്രിയുടെ വിമർശനത്തിന് മറു ചോദ്യവുമായി ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. കഴിഞ്ഞ പത്തുവർഷമായി കുംഭകർണനെപ്പോലെ ഉറങ്ങിക്കിടന്ന ബിജെപി സർക്കാർ ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പെട്ടെന്ന് മത്സത്തൊഴിലാളി പ്രേമവുമായി രംഗത്തു വന്നിരിക്കുകയാണ്. മൂന്നു ചോദ്യങ്ങളാണ് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് കേന്ദ്രത്തിനോട് ചോദിക്കാനുള്ളതെന്നും സ്റ്റാലിൻ പറഞ്ഞു. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയത് ലോക്‌സഭ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ വലിയ രാഷ്്ട്രീയ വിഷയമായി മാറുന്നു. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും, എത്ര നിസ്സാരമായിട്ടാണ് കച്ചത്തീവ് അവർ ലങ്കയ്ക്ക് വിട്ടുകൊടുത്തതെന്നും പ്രധാനമന്ത്രി വിമർശിച്ചതോടെയാണ്, 50 വർഷം മുമ്പത്തെ കരാർ വീണ്ടും സജീവ ചർച്ചയായത്. രാമേശ്വരത്തിനു സമീപം ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ മാന്നാർ കടലിടുക്കിലെ ചെറുദ്വീപാണ് കച്ചത്തീവ്. 1974-ൽ ഇന്ത്യ ഇത് ശ്രീലങ്കയ്ക്കു കൈമാറുകയായിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന വേളയിലായിരുന്നു കൈമാറ്റം. കച്ച അതായത് അഴുക്കു നിറഞ്ഞ പ്രദേശം എന്ന വക്കിൽ നിന്നാണ് കച്ചത്തീവ് എന്ന പേര് ലഭിക്കുന്നത്.
-------------------aud--------------------------------
കച്ചത്തീവിൽ ഇന്ത്യയും ശ്രീലങ്കയും താൽപ്പര്യം ഉന്നയിച്ചിരുന്നെങ്കിലും, ഇരുകൂട്ടരും തങ്ങളുടെ പൊലീസിനെയോ മറ്റ് ഉദ്യോഗസ്ഥന്മാരെയോ നിയോഗിച്ചിരുന്നില്ല. 1968 ൽ ഇന്ത്യ സമുദ്രാതിർത്തി 20 കി മീ ആക്കി വർദ്ധിപ്പിച്ചതോടെയാണ് കച്ചത്തിവ് പ്രശ്നം സജീവമാകുന്നത്. 1970-ൽ സിലോണും അതായത്ശ്രീ ലങ്ക സമുദ്രാതിർത്തി 19.2 കി. മീ ആക്കിയതോടെ തർക്കം കൂടുതൽ സങ്കീർണ്ണമായി. പ്രശ്നപരിഹാരത്തിനായി നീണ്ട ചർച്ചകൾക്കു ശേഷം 1974 ജൂലൈ 28-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ശ്രീലങ്ക പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയും കരാറിൽ ഒപ്പുവച്ചു. ഇതനുസരിച്ച്, കച്ചത്തീവ് ശ്രീലങ്കയുടെതായിത്തീർന്നു. തമിഴ്നാട്ടിലെ മീൻപിടിത്തക്കാർക്കുനേരെ ശ്രീലങ്കൻസേന നടത്തുന്ന അതിക്രമങ്ങൾ തടയുന്നതിന് കച്ചത്തീവ് ഇന്ത്യ തിരിച്ചുപിടിക്കുകതന്നെ ചെയ്യണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരത്തെ പറഞ്ഞിരുന്നു. 1974 ലെ ഉടമ്പടി പിൻവലിച്ച് കച്ചത്തീവ് വീണ്ടെടുക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 2013 ലും ആവശ്യപ്പെട്ടിരുന്നു. കച്ചത്തീവ് കൈമാറ്റവുമായി ബന്ധപ്പെട്ട് തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈക്ക് ലഭിച്ച വിവരാവകാശ രേഖകളാണ് പുതിയ ചർച്ചകൾക്ക് വഴിതുറന്നത്. കരാറിനെ കരുണാനിധി അനുകൂലിച്ചിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കിയത്. കഴിഞ്ഞദിവസം വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെ രൂക്ഷമായി കടന്നാക്രമിച്ചിരുന്നു. ഇന്ത്യയുടെ കെട്ടുറപ്പും അഖണ്ഡതയും താൽപ്പര്യങ്ങളും ദുർബലപ്പെടുത്തുന്നതാണ് 75 വർഷമായി കോൺഗ്രസിന്റെ പ്രവർത്തനരീതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന് മറുപടിയായി കച്ചിത്തീവ് വിഷയത്തിൽ മോദി സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത് ഓർമ്മയുണ്ടോയെന്നായിരുന്നു ഖാർഗെ തിരിച്ചടിച്ചത്. കച്ചത്തീവ് തിരിച്ചുപിടിക്കാൻ കഴിഞ്ഞ 10 വർഷത്തിനിടെ സർക്കാർ എന്തെങ്കിലും ചെയ്‌തോയെന്നും ഖാർഗെ ചോദിച്ചു.
ഇതിനു പിന്നാലെയാണ് ഡിഎംകെയ്‌ക്കെതിരെയും പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചത്. തമിഴ്‌നാടിന്റെ താൽപ്പര്യം സംരക്ഷിക്കാനായി ഭരണകക്ഷിയായ ഡിഎംകെ ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ വിഷയത്തിൽ പുറത്തുവരുന്ന പുതിയ വിശദാംശങ്ങളിലൂടെ ഡിഎംകെയുടെ ഇരട്ടത്താപ്പ് പൂർണ്ണമായും വെളിപ്പെടുകയാണ്. ഡിഎംകെ പരസ്യമായി കരാറിനെ എതിർത്തപ്പോൾ, അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധി കരാറിന് അനുമതി നൽകിയതിനെ അനുകൂലിച്ചിരുന്നതായി മാധ്യമ വാർത്തകളുണ്ട്. പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ഇതിനെ തുടർന്നാണ് ഇപ്പോൾ മോദിക്കെതിരെ സ്റ്റാലിൻ 3 ചോദ്യങ്ങളുമായി രംഗത് വന്നിരിക്കുന്നത് .
തമിഴ്‌നാട് ഒരു രൂപ നികുതി നൽകുമ്പോൾ, എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ 29 പൈസ മാത്രം തിരികെ നൽകുന്നത് ?. തുടരെത്തുടരെ രണ്ട് പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായിട്ടും, വെള്ളപ്പൊക്ക ദുരിതാശ്വാസമായിട്ട് എന്തുകൊണ്ടാണ് ഒരു രൂപ പോലും കേന്ദ്രസർക്കാർ തമിഴ്‌നാടിന് നൽകാതിരുന്നത് ?. കഴിഞ്ഞ പത്തു വർഷമായി ബിജെപി നേതൃത്വത്തിലുള്ള സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. എന്നിട്ട് തമിഴ്‌നാടിന്റെ ക്ഷേമത്തിനായി എന്തു പ്രത്യേക പദ്ധതിയാണ് നടപ്പാക്കിയത്?.
ഈ മൂന്നു ചോദ്യങ്ങൾക്കും പ്രധാനമന്ത്രി ആദ്യം ഉത്തരം പറയണം. അല്ലാതെ മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റിക്കൊണ്ടുപോകുകയല്ല പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും സ്റ്റാലിൻ പറഞ്ഞു. കച്ചത്തീവ് കൈമാറ്റ വിഷയത്തിൽ കോൺ്ഗരസിന് പിന്നാലെ ഡിഎംകെക്കെതിരെയും പ്രധാനമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.തമിഴ്‌നാടിന്റെ താൽപ്പര്യം സംരക്ഷിക്കാനായി ഭരണകക്ഷിയായ ഡിഎംകെ ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി ആരോപിച്ചു. കോൺഗ്രസും ഡിഎംകെയും കുടുംബ യൂണിറ്റുകളാണ്. തങ്ങളുടെ മക്കളേയും കുടുംബാംഗങ്ങളുടേയും ഉയർച്ചയാണ് അവർക്ക് പ്രധാനം. മറ്റൊന്നും അവർക്ക് വിഷയമല്ല. കച്ചത്തീവിനോടുളള ഡിഎംകെയുടെ നിസംഗത നമ്മുടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയും അവരുടെ താൽപ്പര്യങ്ങളെയും ഹനിച്ചിരിക്കുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും, എത്ര നിസ്സാരമായിട്ടാണ് കച്ചിത്തീവ് അവർ ലങ്കയ്ക്ക് വിട്ടുകൊടുത്തതെന്നും പ്രധാനമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
© Copyright 2023. All Rights Reserved