കൊച്ചിൻ ഷിപ്പ് യാർഡിൽ നാലായിരം കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം, ഡ്രൈ ഡോക്ക് എന്നിവയും ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനലുമടക്കം പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുളളവർ ചടങ്ങിൽ പങ്കെടുത്തു.
ത്യപ്രയാർ ക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും സന്ദർശനം നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഭാഗമാകാൻ സാധിച്ചുവെന്ന് പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു. അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠക്കു മുന്നോടിയായി തൃപ്രയാറിൽ രാമ ക്ഷേത്രത്തിൽ ദർശനം നടത്താൻ കഴിഞ്ഞതിൽ സന്തോഷം. രാജ്യത്തിന്റെ സമുദ്രമേഖലയുടെ വികസനത്തിനാണ് ശ്രമിക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികൾ ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകും. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. തുറമുഖങ്ങൾ വലിയ വളർച്ചയാണ് നേടിയത്. ഗ്ലോബൽ ട്രേഡിലും ഭാരതത്തിന് വലിയ സ്ഥാനമാണുള്ളത്. രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
4000 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയ മോദിക്ക് നന്ദി മുഖ്യമന്ത്രി പിണറായി വിജയൻ നന്ദിയറിയിച്ചു. രാജ്യത്തിന്റെ പൊതുവായ വികസനത്തിന്റെ ഭാഗമായി കേരളവും മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളിലൂടെ 4000 പേർക്ക് തൊഴിൽ ലഭിക്കുന്നു. രാജ്യത്തിന്റെ പൊതു വികസനത്തിൽ കേരളം നൽകുന്ന പിന്തുണയുടെ കൂടി ഉദാഹരണമാണിത്. ഐഎസ്ആർഒയുടെ പല പദ്ധതികളിലും കേരളത്തിലെ സ്ഥാപനങ്ങൾ പങ്കാളികളായി. ചന്ദ്രയാൻ, ആദിത്യ തുടങ്ങിയ പ്രധാന പദ്ധതികളിൽ കെൽട്രോൺ പോലുള്ള സ്ഥാപനങ്ങളുടെ ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. ഇന്ത്യയുടെ ശയസ് ഉയർത്തുന്നതിൽ കേരളത്തിലെ സ്ഥാപനങ്ങൾ പങ്കാളികളായി. കൊച്ചി വാട്ടർ മെട്രോയെ തേടി രാജ്യത്തിന്റെ പല സംസ്ഥാനങ്ങളുമെത്തുന്നുവെന്നതും ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
© Copyright 2024. All Rights Reserved