സിക്കിമിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 14 ആയി. 22 സൈനികർ അടക്കം 102 പേരെ കാണാതായെന്നാണ് റിപ്പോർട്ടുകൾ.
വടക്കൻ സിക്കിമിൽ ലൊനക് തടാകത്തിന് മുകളിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ തീസ്ത നദിയിൽ ഉണ്ടായ മിന്നൽ പ്രളയമാണ് സിക്കിമിനെ ദുരിതത്തിലാക്കിയത്. മാംഗൻ, ഗാങ്ടോക്, പാക്യോങ്, നാംചി ജില്ലകളിലാണ് വലിയ നാശനഷ്ടം സംഭവിച്ചത്. ചുങ്താങ് അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതാണ് സ്ഥിതി ഗുരുതരമാക്കിയത്. 14 പാലങ്ങളാണ് തകർന്നത്. ബംഗാളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയും തകർന്നു. 3000ലധികം വിനോദസഞ്ചാരികൾ വിവിധ പ്രദേശങ്ങളിലായി കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച പുലർച്ചെയാണ് മേഘ വിസ്ഫോടനം ഉണ്ടായത്. ദുരന്ത നിവാരണ നിയമം അനുസരിച്ച് പ്രളയക്കെടുതിയെ സിക്കിം സർക്കാർ ദുരന്തമായി പ്രഖ്യാപിച്ചു. തകർന്ന 14 പാലങ്ങളിൽ ഒൻപത് എണ്ണം ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നിർമ്മിച്ചതാണ്. വാഹന ഗതാഗതം സ്തംഭിച്ചതിന് പുറമേ മൊബൈൽ നെറ്റ് വർക്ക് തടസ്സപ്പെട്ടതും ജനജീവിതം ദുസ്സഹമാക്കി. വടക്കൻ സിക്കിമിന്റെ ഭൂരിഭാഗം പ്രദേശവും പ്രളയക്കെടുതി നേരിടുകയാണ്.
ശക്തമായ മഴയും ഹിമപാളികൾ ഉരുകി ഒഴുകിയതുമാണ് ദുരന്ത കാരണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സിക്കിമിൽ 25 നദികൾ അപകടാവസ്ഥയിലാണ്. നേപ്പാളിലെ ഭൂകമ്പവും ദുരന്ത കാരണമായെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. രണ്ടു ദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി സിക്കിമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
© Copyright 2024. All Rights Reserved