ആർക്ടിക് മേഖലയിൽ നിന്നുള്ള തണുത്ത വായുപ്രവാഹം ഇങ്ങെത്തിയതോടെ ബ്രിട്ടീഷുകാർ ഉറക്കമുണർന്നത് മഞ്ഞുപൊതിഞ്ഞ ഭൂമികയിലേക്ക്. രാജ്യത്തിന്റെ പലയിടങ്ങളിലും ഇടവേളയില്ലാതെ തുടർച്ചയായി മഞ്ഞു വീഴുകയായിരുന്നു. തെക്കൻ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും അതുപോലെ മിഡ്‌ലാൻഡ്‌സ്, കിഴക്കൻ വെയ്ൽസ് എന്നിവിടങ്ങളിലും മെറ്റ് ഓഫീസ് ഇന്നലെ വൈകിട്ട് അഞ്ചു മണി മുതൽ പ്രഖ്യാപിച്ച മഞ്ഞ മുന്നറിയിപ്പ് ഇന്ന് രാവിലെ 10 മണി വരെ നിലനിൽക്കും. ബ്രിട്ടന്റെ മറ്റിടങ്ങളിൽ മഞ്ഞും മഞ്ഞു പാളികളും സംബന്ധിച്ച മറ്റ് പല മുന്നറിയിപ്പുകളും നിലനിൽക്കുന്നുണ്ട്.
-------------------aud--------------------------------
വാഹനങ്ങൾ വഴിയിൽ കുടുങ്ങി പോകുന്നതിനും, അതുപോലെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതിനും സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പും മെറ്റ് ഓഫീസ് നൽകിയിട്ടുണ്ട്. പല ഗ്രാമീണ മേഖലകളും ഒറ്റപ്പെട്ടു പോകുന്നതിനും ഇടയുണ്ട്.
ഇന്നലെ പലയിടങ്ങളിലും മഞ്ഞ് പെയ്തത് ഇടിമിന്നലിന്റെ അകമ്പടിയോടെയായിരുന്നു. സ്‌കോട്ട്‌ലാൻഡിലെ ബ്രേമർ ഗ്രാമത്തിലായിരുന്നു ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്, മൈനസ് 11.2 ഡിഗ്രി സെൽഷ്യസ്. കംബ്രിയയിലെ ഷാപ്പിൽ മൈനസ് 7.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില ആറു ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ചിലയിടങ്ങളിൽ ഇപ്പോഴും 10 സെന്റീ മീറ്റർ കനത്തിൽ വരെ മഞ്ഞു മൂടിക്കിടക്കുന്നുണ്ട്. ഐസ് പാളികൾ വഴുക്കലുള്ള പ്രതലം സൃഷ്ടിക്കും എന്നതിനാൽ, ലണ്ടൻ നിരത്തുകളിൽ ഇന്ന് രാവിലെ 10 മണി വരെ അത് സംബന്ധിച്ച മുന്നറിയിപ്പ് നിലനിൽക്കുന്നു.
ചില അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സൗത്ത് ക്രോയ്‌ഡോണിൽ ഈസ്റ്റ് ക്രോയ്‌ഡോണിനും അക്ക്ഫീൽഡിനും അതുപോലെ ഈസ്റ്റ് ഗ്രിൻസ്റ്റെഡിനും ഇടയിലുള്ള പ്രഭാത സർവ്വീസുകൾ വൈകാൻ ഇടയുണ്ടെന്ന് സതേൺ റെയിൽ അറിയിച്ചിട്ടുണ്ട്. അതേസമയം വെയ്ൽസിൽ ലാൻഡുൻടോയ്ക്കും ബ്ലെയ്‌നോയ് ഫെസ്റ്റിന്യോഗിനും ഇടയിലുള്ള സർവ്വീസുകൾ താത്ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. ഇത് ശിശിരകാലത്തിന്റെ വരവായി കണക്കാക്കാവുന്ന കാലാവസ്ഥയാണെന്നാണ് കലാവസ്ഥാ നിരീക്ഷകർ പൊതുവെ അഭിപ്രായപ്പെടുന്നത്. വടക്കൻ മേഖലയിൽ, യോർക്ക്ഷയറിൽ ബ്രാഡ്‌ഫോർഡിനും ഹഡേഴ്സ്ഫീൽഡിനും ഇടയിലുള്ള ട്രെയിൻ ഗതാഗതത്തെയും മഞ്ഞുവീഴ്ച ബാധിച്ചിട്ടുണ്ട്. റോഡുകളിൽ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് നോർത്തേൺ അയർലൻഡ് പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുകെ ആരോഗ്യ സുരക്ഷാ ഏജൻസിയുടെ ആംബർ മുന്നറിയിപ്പും നിലനിൽക്കുകയാണ്. വരും ദിവസങ്ങളിലും കൂടുതൽ മഞ്ഞും തണുപ്പും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. നിലവിലെ സ്ഥിതി വാരാന്ത്യം വരെ തുടരുമെന്നും അവർ പറയുന്നു.
© Copyright 2024. All Rights Reserved