റിഫോം യു കെ പാർട്ടിക്ക് മേലുള്ള തന്റെ ഉടമസ്ഥാവകാശം കൈയൊഴിയുകയാണെന്ന് സ്ഥാപക നേതാവായ നൈജൽ ഫരാജെ പ്രഖ്യാപിച്ചു. ഈ വാരാന്ത്യത്തിൽ പാർട്ടി സമ്മേളനം നടക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ പ്രഖ്യാപനം. മറ്റു പല രാഷ്ട്രീയ പാർട്ടികളിൽ നിന്നും വിഭിന്നമായി ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയിട്ടായിരുന്നു റിഫോം യു കെ പാർട്ടി സ്ഥാപിച്ചത്. ഇതിന്റെ ഭൂരിഭാഗം ഓഹരികളും നൈജർ ഫരാജെയുടെ കൈവശമാണ്.
-------------------aud--------------------------------
2019 ലേ യൂറോപ്യൻ തെരഞ്ഞെടുപ്പ് സമയത്ത്, ബ്രെക്സിറ്റ് പാർട്ടിയുടെ രൂപീകരണം വേഗത്തിലാക്കുവാനായിരുന്നു ഈ രീതി അവലംബിച്ചത് എന്നാണ് ഫരാജെ പറയുന്നത്. ബ്രെക്സിറ്റ് പാർട്ടിയാണ് പിന്നീട് റിഫോം യു കെ പാർട്ടിയായത്. ഒപ്പം, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയതിനാൽ പാർട്ടി മറ്റ് ദുഷ്ടശക്തികൾ കൈക്കലാക്കുന്നത് തടയാനായി എന്നും ബി ബി സി റേഡിയോ കെന്റിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ക്ലാക്റ്റണിൽ നിന്നുള്ള എം പി കൂടിയായ ഫരാജെ തന്നെ പാർട്ടി നേതാവായി തുടരും. എന്നാൽ, പഴയതുപോലെ ഒരു സർവ്വാധികാരിയാകില്ല എന്നും അദ്ദേഹം പറയുന്നു. കൂടുതൽ മെച്ചപ്പെട്ടതും, കഴിവുള്ളതുമായ സ്ഥാനാർത്ഥിയെ ലഭിച്ചില്ലെങ്കിൽ, അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ താൻ തന്നെ നയിക്കുമെന്ന് അദ്ദേഹം ബി ബി സി സൗത്താംപ്ടണിനോട് പറഞ്ഞു.
ആദ്യ എം പിമാരെ ലഭിച്ച് രണ്ട് മാസം കഴിയുമ്പോൾ ഫരാജെയുടെ നേതൃത്വത്തിൽ പാർട്ടി അതിവേഗം മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ്. അതുകൊണ്ടു തന്നെ പാർട്ടി ബിർമ്മിംഗ്ഹാം സമ്മേളനം അതീവ ശ്രദ്ധയോടെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. പുതിയ ഭരണഘടന നടപ്പിലാക്കുന്നത് ഉൾപ്പടെയുള്ള നയ രൂപീകരണ പ്രക്രിയയിൽ ഇതാദ്യമായി പാർട്ടി അംഗങ്ങൾക്ക് വോട്ടിംഗ് അവകാശം ലഭിക്കുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 14 ശതമാനം വോട്ടുകളാണ് പാർട്ടി നേടിയത്. ഫരാജെ ഉൾപ്പടെ അഞ്ച് എം പിമാരുമായി പാർലമെന്റിലും അവർ സാന്നിദ്ധ്യം ഉറപ്പിച്ചിരുന്നു. ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പുതിയ ഭരണഘടനയനുസരിച്ച് പാർട്ടി അംഗങ്ങൾക്ക് ഫരാജെയേയോ മറ്റേതൊരു നേതാവിനേയോ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാൻ പാർട്ടി അംഗങ്ങൾക്ക് കഴിയും. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ 15,000 പേരുടെ വർദ്ധനവ് ഉണ്ടായതായി പാർട്ടി ചെയർമാൻ സിയ യൂസഫ് അവകാശപ്പെടുന്നു.
© Copyright 2024. All Rights Reserved