യുകെയുടെ പ്ലാനിംഗ് നിയമങ്ങൾ പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ച് പുതിയ ചാൻസലർ റേച്ചൽ റീവ്‌സ്. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താൻ ആവശ്യമായ കടുത്ത തീരുമാനങ്ങൾ സ്വീകരിക്കുമെന്നാണ് ബ്രിട്ടന്റെ ആദ്യ വനിതാ ചാൻസലറുടെ പ്രഖ്യാപനം.
-------------------aud--------------------------------
പ്ലാനിംഗ് നിയമങ്ങളിലാണ് ഇതിന്റെ ഭാഗമായി ആദ്യത്തെ പൊളിച്ചെഴുത്ത് തുടങ്ങുന്നത്. സമ്മർ അവധിക്കായി എംപിമാർ പോകുന്നതിന് മുൻപ് കൗൺസിലുകൾക്ക് പുതിയ ആയിരക്കണക്കിന് വീടുകൾക്ക് വഴിയൊരുക്കാനുള്ള നിർബന്ധിത ലക്ഷ്യം നൽകാനാണ് നീക്കം.
ഗ്രീൻ ബെൽറ്റ് സംരക്ഷണത്തിൽ ചില ഇളവുകൾ നൽകി വികസനത്തിനുള്ള ഇടം ഒരുക്കാനും മന്ത്രിമാർ നീക്കം നടത്തുന്നുണ്ട്. പ്രധാന ഇൻഫ്രാസ്ട്രക്ചർ പദ്ധതികളായ കാറ്റ്, സോളാർ ഫാമുകളെ ബന്ധിപ്പിക്കാനുള്ള പുതിയ ഇലക്ട്രിസിറ്റി പൈലണുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ളവയ്ക്കും ഈ പ്ലാനിംഗ് നിയമങ്ങളിലെ ഇളവുകൾ സഹായകമാകും.
ബ്രിട്ടന്റെ പൊതുഖജനാവ് സമ്മർദം നേരിടുന്നതിനാൽ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയാണ് ഇതിനെ അതിജീവിക്കാനുള്ള ഏക മാർഗ്ഗമെന്ന് റീവ്‌സ് വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച വോട്ടർമാർ നൽകിയ വമ്പൻ ഭൂരിപക്ഷം ഇത്തരം മാറ്റങ്ങൾക്കുള്ള അംഗീകാരമായാണ് ചാൻസലർ ഉയർത്തിക്കാണിക്കുന്നത്.
അതേസമയം ദശകങ്ങളായി ലേബർ പാർട്ടിക്ക് പണം ഒഴുക്കിയ യൂണിയനുകൾ ഇതിൽ തൃപ്തരല്ല. ബുദ്ധിമുട്ട് അനുഭവിക്കുന്ന പൊതുസേവനങ്ങൾ മെച്ചപ്പെടുത്താൻ ലേബർ ഗവൺമെന്റ് പണം ഒഴുക്കണമെന്നാണ് യുണൈറ്റ് മേധാവി ഷാരോൺ ഗ്രഹാം ആവശ്യപ്പെടുന്നത്. ഇടത് പക്ഷത്ത് നിന്നുള്ള ആദ്യ മുന്നറിയിപ്പ് ലേബർ നേതൃത്വത്തിന് ആശങ്ക ഉളവാക്കുന്നതാണ്.
സമ്പദ് വ്യവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് സ്റ്റാർമർ ഭരണകൂടം നടപടികൾ കൈക്കൊള്ളുന്നത്. യുകെ പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഇപ്പോൾ നോർത്തേൺ അയർലണ്ടിൽ എത്തിയിട്ടുണ്ട്. അതേസമയം സ്‌കോട്ട്‌ലണ്ടിൽ സന്ദർശനത്തിന് എത്തിയ കീർ സ്റ്റാർമർ യൂറോപ്പുമായി അടുത്ത ബന്ധം പുലർത്താനാണ് പദ്ധതിയെന്നും വെളിപ്പെടുത്തി.
പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും, പ്രകടനപത്രികയിൽ ഉൾപ്പെടുത്തുകയും ചെയ്ത പദ്ധതികളാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നതിൽ പലതും. 14 വർഷത്തെ ടോറി ഭരണം ദുരന്തമായിരുന്നുവെന്ന തരത്തിലാണ് ചാൻസലർ റേച്ചൽ റീവ്‌സ് സംസാരിക്കുന്നത്. അധിക നികുതി വളർച്ചയിലൂടെ കണ്ടെത്താനുള്ള അവസരം ടോറികൾ കളഞ്ഞുകുളിച്ചെന്നാണ് ആരോപണം.
ഇതിന് പുറമെ 700,000 അടിയന്തര അപ്പോയിന്റ്‌മെന്റ് നൽകുമെന്ന ലേബർ വാഗ്ദാനം സംബന്ധിച്ച് ചർച്ച ചെയ്യാൻ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും കഠിന ജോലിയിലാണ്. ബ്രിട്ടീഷ് ഡെന്റിസ്റ്റ് അസോസിയേഷനെ അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് അവസാനിപ്പിക്കാനുള്ള ചർച്ചകളും ആരംഭിക്കും.
© Copyright 2024. All Rights Reserved