ഗസ്സയിൽ ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടി പുനഃരാരംഭിക്കുകയാണെങ്കിൽ ഫലസ്‌തീൻ സിവിലിയൻമാരുടെ സുരക്ഷ ഇസ്രായേൽ ഉറപ്പാക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൺ. ഇസ്രായേലും ഫലസ്‌തീനും തമ്മിലുള്ള വെടിനിർത്തൽ കരാർ അവസാനിക്കാനിരിക്കെയാണ് ബ്ലിങ്കൻ്റെ പരാമർശം. അതേസമയം, വെടിനിർത്തൽ നീട്ടാനുള്ള ചർച്ചകൾ ഖത്തറിൻ്റേയും ഈജിപ്‌തിൻ്റേയും മധ്യസ്ഥതയിൽ നടക്കുന്നുണ്ട്. ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ യു.എസ് ഇപ്പോഴും അംഗീകരിക്കുന്നു. എന്നാൽ, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും സിവിലിയൻമാരെ സംരക്ഷിക്കാനും ഇസ്രായേൽ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിലും ഫലസ്‌തീൻ്റെ മറ്റ് പ്രദേശങ്ങളിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്രതലത്തിൽ വൻ വിമർശനം ഉയർന്നിരുന്നു.
ഇതിന് പിന്നാലെ വിഷയത്തിൽ മുമ്പുണ്ടായിരുന്ന നിലപാടിൽ നിന്ന് യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ പിന്നാക്കം പോവുകയാണെന്ന സൂചനകൾ നൽകിയിരുന്നു. ഇസ്രായേൽ ഫലസ്‌തീൻ ജനതകൾ സമാധാനത്തിൽ കഴിയുന്നതാണ് ഹമാസിനെ ഭയപ്പെടുത്തുന്നതെന്ന് യു.എസ് പ്രസിഡന്റ് ട്വീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ നിന്ന് പിൻവാങ്ങരുതെന്ന മുൻനിലപാടിൽ വ്യതിയാനമായി ബൈഡൻ്റെ പുതിയ നിലപാടിനെ വിലയിരിത്തിയിരുന്നു. The Most Secure
അതേസമയം, നിലവിലുള്ള വെടിനിർത്തൽ കരാർ വീണ്ടും നീട്ടാനുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്. ഹമാസ് ബന്ദികളാക്കിയ സ്ത്രീകളേയും കുട്ടികളേയും പൂർണമായി മോചിപ്പിക്കാതെ ഇനി വെടിനിർത്തലിനില്ലെന്നാണ് ഇസ്രായേൽ നിലപാട്. സ്ത്രീകളേയും കുട്ടികളേയും പൂർണമായി മോചിപ്പിക്കണമെങ്കിൽ ഇസ്രായേൽ തടവറയിലുള്ള മുഴുവൻ ഫലസ്തീനികളേയും വിട്ടയക്കണമെന്ന് ഹമാസും ആവശ്യപ്പെടുന്നു.
വെടിനിർത്തലിൻ്റെ ആറാം ദിനമായ ഇന്നലെ 16 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 10 ഇസ്രായേൽ പൗരന്മാരെയും നാല് തായ്‌ലൻഡുകാരെയും രണ്ട് റഷ്യക്കാരെയുമാണ് ഇന്നലെ കൈമാറിയത്. 30 ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. ആറുദിവസ താൽക്കാലിക ഇടവേള വ്യാഴാഴ്ച രാവിലെ അവസാനിക്കാനിരിക്കെ വെടിനിർത്തൽ നാലുദിവസം കൂടി നീട്ടണമെന്ന് ഹമാസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരു ദിവസത്തേക്കാണ് നീട്ടിയത്.
© Copyright 2025. All Rights Reserved