ഫിൻജാൽ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച തമിഴ്‌നാടിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഫോണിൽ വിളിച്ചാണ് സഹായം ഉറപ്പു നൽകിയത്. സംസ്ഥാനത്തെ സ്ഥിതിഗതികളും പ്രധാനമന്ത്രി സ്റ്റാലിനോട് ചോദിച്ചു മനസ്സിലാക്കി. അടിയന്തര സഹായമായി എൻഡിആർഎഫിൽ നിന്നും 2000 കോടി അനുവദിക്കണമെന്നാണ് തമിഴ്‌നാട് സർക്കാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
-------------------aud--------------------------------
ഫിൻജാൽ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ അടിയന്തര ദുരിതാശ്വാസ നടപടികൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായിട്ടാണ് ധനസഹായം ആവശ്യപ്പെട്ടത്. ചുഴലിക്കാറ്റിനെത്തുടർന്ന് സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണുണ്ടായത്. പ്രാഥമിക വിലയിരുത്തൽ പ്രകാരം താത്കാലിക പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 2,475 കോടി രൂപ ആവശ്യമാണെന്ന് സ്റ്റാലിൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു. നാശനഷ്ടങ്ങളുടെ സമഗ്രമായ വിലയിരുത്തൽ നടത്തുന്നതിന് എത്രയും വേഗം കേന്ദ്ര സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം മോദിയോട് അഭ്യർത്ഥിച്ചു. ദുരിതബാധിത ജില്ലകളിലെ അടിസ്ഥാന സൗകര്യങ്ങൾ, കൃഷി, ഉപജീവനമാർഗങ്ങൾ എന്നിവയിൽ കനത്ത പ്രത്യാഘാതങ്ങളാണ് ഉണ്ടായത്. അവ പരിഹരിക്കുന്നതിന് കൂടുതൽ സാമ്പത്തിക സഹായം ആവശ്യമാണ്. ഈ പ്രതിസന്ധി മറികടക്കാനും വേഗത്തിൽ സാധാരണ നില പുനഃസ്ഥാപിക്കാനും കേന്ദ്രസർക്കാർ സഹായിക്കുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളതെന്നും കത്തിൽ സ്റ്റാലിൻ സൂചിപ്പിക്കുന്നു. കനത്തമഴയെത്തുടർന്ന് വില്ലുപുരം ഗ്രാമത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. തിരുവണ്ണാമലൈയിൽ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ 5 കുട്ടികൾ അടക്കം ഏഴുപേർ മരിച്ചിരുന്നു.
© Copyright 2024. All Rights Reserved