യുട്യൂബ് ചാനൽ തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ 10 ലക്ഷം സബ്‌സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ റൊണാൾഡോ യുട്യൂബിൻറെ ചരിത്രത്തിൽ തന്നെ അതിവേഗം ഈ നേട്ടം സ്വന്തമാക്കുന്ന വ്യക്തിയായി. 24 മണിക്കൂറിനുള്ളിൽ തന്നെ ഒരു കോടി സബ്‌സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ യുട്യൂബറുമാണ്. ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ റൊണാൾഡോയുടെ യുട്യൂബ് ചാനലിൽ 1 കോടി 37 ലക്ഷം സബ്സ്ക്രൈബേഴ്സാണുള്ളത്. അത് ഓരോ നിമിഷവും കുതിച്ചുയരുകയുമാണ്.നിലവിൽ എക്സിൽ 11.25 കോടി പേരാണ് റൊണാൾഡോയെ പിന്തുടരുന്നതെങ്കിൽ ഫേസ്ബുക്കിൽ 17 കോടിയും ഇൻസ്റ്റഗ്രാമിൽ 63.6കോടി പേരും റൊണാൾഡോയെ പിന്തുടരുന്നവരാണ്. ഇന്നലെയാണ് റൊണാൾഡോ തൻറെ യുട്യൂബ് ചാനൽ തുടങ്ങുന്നതായി പ്രഖ്യാപിച്ചത്. കാത്തിരിപ്പ് അവസാനിച്ചു. എൻറെ യുട്യൂബ് ചാനലിതാ, സബ്സ്ക്രൈബ് ചെയ്യൂ, എൻറെ ഈ പുതിയ യാത്രയിൽ നിങ്ങളും കൂടെ ചേരൂ എന്ന അഭ്യർത്ഥനയോടെയായിരുന്നു റൊണാൾഡോ യുട്യൂബ് ചാനൽ തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. ആദ്യ ദിനം ടീസറുകളും വീഡിയോകളും പങ്കുവെച്ച റൊണാൾഡോ മണിക്കൂറുകൾക്കകം തൻറെ ചാനലിന് യുട്യൂപ് നൽകിയ ഗോൾഡൻ പ്ലേ ബട്ടൻ മക്കൾക്ക് മുമ്പിൽ അവതരിപ്പിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇങ്ങനെയാണ് പോകുന്നതെങ്കിൽ സിൽവറും ഗോൾഡും ഡയമണ്ടും റെഡും ഡയമണ്ടുമെല്ലാം ദിവസങ്ങൾക്കുള്ളിൽ റൊണാൾഡോ സ്വന്തമാക്കും. നിലവിൽ 31.3 കോടി സബ്സ്ക്രൈബേഴ്സുള്ള MrBeast ആണ് യുട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള ചാനൽ. റൊണാൾഡോ ഇത് മറികടക്കുന്ന കാലം വിദൂരമല്ലെന്നാണ് ആരാധകർ കരുതുന്നത്.
© Copyright 2024. All Rights Reserved