യൂറോപ്പ് വലതുപക്ഷത്തേക്ക് തിരിയുന്നതിന്റെ പ്രധാനകാരണം തീവ്രവാദമാണെന്ന വാദത്തിന് ബലമേകുന്ന മറ്റൊരു സംഭവം കൂടി ജർമ്മനിയിൽ നടന്നു. ഒരു ഫുട്‌ബോൾ മാച്ചിനിടെ, മാഗ്‌ഡെബർഗ് ക്രിസ്തുമസ് മാർക്കറ്റിൽ നടന്ന തീവ്രവാദി അക്രമണത്തിൽ മരണപ്പെട്ടവർക്കായി മൗനാഞ്ജലി അർപ്പിക്കുന്നതിനിടയിലായിരുന്നു സംഭവം. മൂന്നാം നിര ടീമുകളായ റോട് - വീസ് എസ്സെനിലെയും വി എഫ് ബി സ്റ്റട്ട്ഗാർട്ടിലെയും കളിക്കാർ, തല കുനിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
-------------------aud--------------------------------
എന്നാൽ, ഈ ഒരു മിനിറ്റ് നേരത്തെ മൗനം മുറിച്ചു കൊണ്ട് ഒരു മനുഷ്യൻ ഉച്ചത്തിൽ ഉയർത്തിയത് പഴയ ഹിറ്റ്‌ലർ കാല മുദ്രാവാക്യമായിരുന്നു, 'ജർമ്മനി ജർമ്മൻകാർക്ക്' എന്ന്. ജർമ്മനിയിലേക്ക് ജർമ്മൻ വംശജർ അല്ലാത്തവർക്ക് പ്രവേശനം നൽകരുത് എന്നാവശ്യപ്പെട്ടുകൊണ്ട് വർത്തമാനകാലത്ത് തീവ്ര വലതുപക്ഷക്കാർ ഉയർത്തുന്ന ഈ മുദ്രാവാക്യം ഒരുകാലത്ത് ഹിറ്റ്‌ലറും നാസികളും ഉപയോഗിച്ചിരുന്നതാണ്.
എന്നാൽ, ഉടനടി തന്നെ മറ്റൊരു വിഭാഗം 'നാസികൾ രാജ്യത്തിന് പുറത്ത് കടക്കുക' എന്ന മുദ്രാവാക്യവും ഉയർത്തി. 'മാഗ്‌ഡെബർഗ്, ശക്തമായി ഇരിക്കുക' എന്ന പ്ലക്കാർഡും അവർ ഉയർത്തി. വംശീയ വിവേചനത്തിനെതിരെ ഉടനടിയുണ്ടായ പ്രതികരണത്തെ റോട്ട് - വീസ് എസെൻ വക്താവ് പുകഴ്ത്തുകയും ചെയ്തു. കാണികളുടെയും ആരാധകരുടെയും വംശീയ വിവേചനത്തിനെതിരെയുള്ള പ്രതികരണം മനസിലെ സ്പർശിച്ചതായും വക്താവ് അറിയിച്ചു.
നാസി അനുകൂല മുദ്രാവാക്യം മുഴക്കിയ 57 കാരനായ ജർമ്മൻ പൗരനെ പിന്നീട് പോലീസ് സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയി. വെറുപ്പും വിദ്വേഷവും പടർത്താൻ ശ്രമിച്ചു എന്ന കുറ്റം ഇയാളിൽ ചാർത്തിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
© Copyright 2024. All Rights Reserved