ലോകഫുട്ബോളിന്റെ സിംഹാസനത്തിലേക്ക് ലയണൽ മെസിയുടെ സ്ഥാനാരോഹണത്തിന് ഇന്നേക്ക് ഒരാണ്ട്. ഫ്രാൻസിനെതിരെ ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അർജന്റീനയുടെ വിജയം. നൂറ്റാണ്ടിന്റെ ലോകകപ്പ് സമ്മാനിച്ച് വിമർശകരുടെ വായടപ്പിച്ച ആതിഥേയരായ ഖത്തറിന്റെ വിജയനിമിഷം കൂടിയായിരുന്നു അത്.കൃത്യം ഒരുവർഷം മുമ്പ് ലുസൈൽ സ്റ്റേഡിയം മനുഷ്യക്കടലായിരുന്നു. നീലയും വെള്ളയും പരന്നൊഴുകിയ കടൽ, ലുസൈൽസ്റ്റേഡിയത്തിന്റെ ആ ഇരമ്പൽ ഇപ്പോഴും കാതുകളിലുണ്ട്..
ലോകമെങ്ങുമുള്ള അർജന്റീനൻ ആരാധകർ കാത്തുകാത്തിരുന്ന നിമിഷം. ഭാഗ്യനിർഭാഗ്യങ്ങൾ മിന്നിമറഞ്ഞ ഉദ്വേഗഭരിതമായ ഫൈനൽ പോരാട്ടം.കിരീടമുറപ്പിച്ച അർജന്റീനയ്ക്ക് മുന്നിൽ കൊള്ളിയാൻ കണക്കെ എംബാപ്പെ,അധികസമയത്തും മെസിയെടുത്ത ലീഡിന് എംബാപ്പെയുടെ മറുപടി. ഒടുവിൽ ഷൂട്ടൗട്ടിൽ മത്സരം അർജന്റീനയ്ക്കൊപ്പം. ആരാധകർഇനിയും മറന്നിട്ടില്ലാത്ത നിമിഷങ്ങളായിരന്നു അതല്ലാം…
ലോകഫുട്ബോളിന്റെ രാജാക്കൻമാരെ വിശിഷ്ടമായ ബിഷ്തണിയിച്ച് ആദരിച്ചു ഖത്തർ. കാലമേറെ വൈകി അറബിക്കുപ്പായമണിഞ്ഞ ഫുട്ബോളിന് അതൊരു പുതിയ അനുഭവമായിരുന്നു.ലോങ് വിസിൽ മുഴങ്ങിയപ്പോൾ അർജന്റീനയ്ക്കൊപ്പം ആതിഥേയരും ആഘോഷിച്ചു. ഫുട്ബോൾ ആസ്വാദനത്തിന് പുതിയ മാനങ്ങൾ സമ്മാനിച്ചാണ് 15 ലക്ഷത്തോളം ആരാധകരെ ഖത്തർ യാത്രയാക്കിയത്. ആ അനുഭവത്തെ അവർ നൂറ്റാണ്ടിന്റെ ലോകകപ്പെന്ന് പുകഴ്ത്തിപ്പാടി. ഇന്നിപ്പോൾ വൻവകരയുടെ പോരിനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ലോകകപ്പ് വേദികളിൽ ലുസൈലടക്കം ഏഴെണ്ണത്തിലും ഏഷ്യകപ്പിൽ പന്തുരുളും.
© Copyright 2023. All Rights Reserved