വിഡി സവർക്കറുടെ ഓർമ്മകൾ നിലനിൽക്കുന്ന ഫ്രാൻസിലെ മാർസേയിൽ സ്വാതന്ത്ര്യസമര സേനാനിക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രഞ്ച് സന്ദർശനത്തിന്റെ ഭാഗമായാണ് ദക്ഷിണ ഫ്രാൻസിലെ മാർസേയിൽ മോദി എത്തിയത്.
-------------------aud--------------------------------
മാർസേയിലിൽ എത്തിയതിന് ശേഷം വിഡി സവർക്കറിനെയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായുള്ള ഈ നഗരത്തിന്റെ ബന്ധത്തെയും അനുസ്മരിച്ച നരേന്ദ്ര മോദി, സവർക്കറുടെ ധൈര്യം തലമുറകളെ പ്രചോദിപ്പിക്കുമെന്ന് എക്‌സിൽ കുറിച്ചു. 'ഞാൻ മാർസേയിൽ എത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ, ഈ നഗരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മഹാനായ വീർ സവർക്കർ ധീരമായി രക്ഷപ്പെടാൻ ശ്രമിച്ചത് ഇവിടെയാണ്. മാർസേയിലെ ജനങ്ങൾക്കും അദ്ദേഹത്തെ ബ്രിട്ടീഷ് കസ്റ്റഡിയിലേക്ക് അയയ്ക്കരുതെന്ന് ആവശ്യപ്പെട്ട അക്കാലത്തെ ഫ്രഞ്ച് പ്രവർത്തകർക്കും ഞാൻ നന്ദി പറയുന്നു. വീർ സവർക്കറുടെ ധൈര്യം തലമുറകളെ പ്രചോദിപ്പിക്കും'- മോദിയുടെ വാക്കുകൾ. മാർസേയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ പ്രവാസികളിൽ നിന്ന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. മാർസേയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാകുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഒന്നാമത്തെയും രണ്ടാമത്തെയും ലോകമഹായുദ്ധങ്ങളിൽ രക്തസാക്ഷിത്വം വരിച്ച ഇന്ത്യൻ സൈനികർക്ക് മോദി ആദരാഞ്ജലിയും അർപ്പിക്കും.
ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത്, 1910 ജൂലൈ 8നാണ് സവർക്കർ തടവിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. വിചാരണയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനിടെ, ബ്രിട്ടീഷ് കപ്പലായ മൊറിയയിൽ നിന്ന് രക്ഷപ്പെട്ട് കരയിലേക്ക് നീന്തി കയറിയെങ്കിലും ഫ്രഞ്ച് അധികൃതർ പിടികൂടി സവർക്കറെ ബ്രിട്ടീഷുകാർക്ക് കൈമാറുകയായിരുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപിലെ സെല്ലുലാർ ജയിലിൽ ജീവപര്യന്തം തടവിന് സവർക്കറെ ശിക്ഷിച്ചതോടെ ഇത് വലിയ നയതന്ത്ര വിവാദത്തിനും കാരണമായി. മോദിയുടെ ആറാമത്തെ ഫ്രഞ്ച് സന്ദർശനമാണിത്. ഫ്രാൻസിൽ നിന്ന് മോദി യുഎസിലേക്ക് പോകും.
© Copyright 2024. All Rights Reserved