ശൈത്യകാലം എൻഎച്ച്എസിനെ സംബന്ധിച്ച് കടുത്ത പ്രതിസന്ധിയുടെ നാളുകളാണ്. രോഗികളുടെ എണ്ണമേറുന്ന തണുപ്പ് കാലത്ത് നഴ്‌സുമാർ ഉൾപ്പെടെയുള്ളവർ അധിക ജോലി ഏറ്റെടുക്കേണ്ടി വരും. ഇക്കുറി എൻഎച്ച്എസ് കനത്ത സമ്മർദത്തിലേക്കാണ് നീങ്ങുന്നതെന്നാണ് ആരോഗ്യ മേധാവികളുടെ മുന്നറിയിപ്പ്.
-------------------aud--------------------------------
ഫ്ലൂ, നോറോവൈറസ് പോലുള്ളവ കുതിച്ചുയരുമെന്നാണ് ആരോഗ്യ മേധാവികൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫ്ലൂ ബാധിതരുടെ എണ്ണം ആശുപത്രിയിൽ നാലിരട്ടി കൂടുതലാണ്. കൊവിഡ്-19, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് എന്നിവയും ഇതോടൊപ്പം കറങ്ങുന്നുണ്ട്. എൻഎച്ച്എസ് ആവശ്യത്തിന് ബെഡ് പോലും ലഭ്യമല്ലെന്ന് നഴ്‌സിംഗ് പ്രതിനിധികൾ വ്യക്തമാക്കുന്നു. ഇത് ജീവനക്കാരെ കടുത്ത ആശങ്കയിലേക്ക് തള്ളിവിടുകയാണ്.
കഴിഞ്ഞ ആഴ്ചയിൽ ഓരോ ദിവസവും ഇംഗ്ലണ്ടിലെ 95,587 ആശുപത്രി ബെഡുകളിലും രോഗികൾ ഉണ്ടായിരുന്നുവെന്നാണ് കണക്ക്, അതായത് 95 ശതമാനം ബെഡുകളും ഉപയോഗത്തിലാണ്. വർഷത്തിലെ ഈ സമയത്ത് ഇതൊരു റെക്കോർഡാണ്. ഓരോ ദിവസവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 1099 പേർ ഫ്ലൂ രോഗികളാണ്, 39 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്.
നോറോവൈറസ് കേസുകളും വർദ്ധിക്കുന്ന സാഹചര്യത്തിൽ ക്വാഡെമിക്കിനെയാണ് എൻഎച്ച്എസിന് അഭിമുഖീകരിക്കേണ്ടി വരുന്നതെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫ സ്റ്റീഫൻ പോവിസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ ഓരോ ദിവസവും 756 രോഗികൾ വീതമാണ് നോറോവൈറസ് ബാധിച്ച് ആശുപത്രിയിലെത്തിയത്.
നിലവിൽ കാത്തിരിപ്പ് പട്ടികയുടെ വലുപ്പം കാരണം എൻഎച്ച്എസിലേക്ക് അടുക്കാൻ പറ്റാത്ത സ്ഥിതിയാണ്. രോഗികൾ സ്വകാര്യ ആശുപത്രികളുടെ സേവനം തേടേണ്ട സ്ഥിതിയാണ്. ഇതിനിടയിലാണ് വിന്റർ പ്രതിസന്ധിയുടെ കടന്നുവരവ്.
© Copyright 2024. All Rights Reserved