ഈ മാസം 28 ഓടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സമീപത്തായി രൂപപ്പെടുന്ന ന്യൂനമർദം പിന്നീട് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ഇതിനാൽ കേരളത്തിൽ വരും ദിവസങ്ങളിൽ മഴക്ക് സാധ്യതയുള്ളതായി കണക്കുകൂട്ടുന്നു. ഈയാഴ്ചയുടെ അവസാനത്തോടെയാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുക. ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കേരള തീരത്ത് വെള്ളിയാഴ്ച ( സെപ്റ്റംബർ 22) രാത്രി 11.30 വരെ 1.7 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് വെള്ളിയാഴ്ച (സെപ്റ്റംബർ 22) രാത്രി 11.30 വരെ 1.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിർദേശമുണ്ട്.
ഇന്നുച്ചയോടെ പുറപ്പെടുവിച്ച ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും, മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കോട്ടയം ജില്ലയിൽ മൊത്തത്തിൽ കണക്കെടുത്താൽ 262.6 മി.മീറ്റർ മഴയാണ് ലഭിച്ചത്. ശക്തമായ മഴ തീക്കോയിയിൽ രേഖപ്പെടുത്തി - 114 മി.മീറ്റർ. ഈരാറ്റുപേട്ട- 61, കോഴ -27, കാഞ്ഞിരപ്പള്ളി -25, മുണ്ടക്കയം - 13.6, പാമ്പാടി - 11.6, കോട്ടയം - 10.4 എന്നിങ്ങനെയാണ് കണക്ക്. ശരാശരി - 37.51 മി.മീറ്റർ. ജില്ലയുടെ മലയോര മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉണ്ടായ ശക്തമായ മഴയിൽ മരങ്ങൾ വീണ് ഗതാഗത തടസം ഉണ്ടായ റോഡുകൾ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഗതാഗത സജ്ജമാക്കി. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയുടെ മലയോരമേഖലയായ തീക്കോയി പഞ്ചായത്തിന്റെ പരിധിയിൽ ഇഞ്ചിപ്പാറ, ആനിപ്ലാവ് എന്നീ സ്ഥലങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഇന്നലെ മണ്ണിടിച്ചിലും ശക്തമായ മഴവെള്ളപ്പാച്ചിലും ഉണ്ടായിരുന്നു.
© Copyright 2023. All Rights Reserved