തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബംഗ്ലാദേശിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിലെ ഗോപിബാഗ് പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ അക്രമികൾ ട്രെയിനിന് തീയിട്ടു. ഈ സംഭവത്തിൽ നാലു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പാണ് അക്രമ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പുള്ള സംഘർഷാവസ്ഥയിൽ ക്രമസമാധാനപാലനത്തിനായി ബംഗ്ലാദേശിലുടനീളം സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.
-------------------aud--------------------------------
ബെനാപോൾ എക്‌സ്പ്രസ് ട്രെയിനിനാണ് അക്രമികൾ തീയിട്ടതെന്നാണ് വിവരം. രാത്രി 9.05 നായിരുന്നു സംഭവമെന്ന് ഫയർ സർവീസ് ആൻഡ് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിലെ ഡ്യൂട്ടി ഓഫീസർ ഫർഹാദുസ്സമാൻ വ്യക്തമാക്കി. ട്രെയിനിലെ തീ അണയ്ക്കാൻ ഏഴ് യൂണിറ്റ് ഫയർ സർവീസ് സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാത്രി ഒമ്പത് മണിയോടെയാണ് ഗോപിബാഗ് പ്രദേശത്ത് തീപിടിത്തമുണ്ടായതെന്ന് ദ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. അക്രമികൾ ട്രെയിൻ ആക്രമിച്ചതിനു ശേഷം രാത്രി 10.20ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ട്രെയിനിൽ യാത്ര ചെയ്തിരുന്ന പലരും ഇന്ത്യൻ പൗരന്മാരാണെന്നാണ് വിവരം. അക്രമികൾ ട്രെയിനിന് തീയിട്ടതിനെ തുടർന്ന് തീവണ്ടിയുടെ നാല് കോച്ചുകളിലേക്കും തീ പടരുകയായിരുന്നു. ആളപായവും നാശനഷ്ടങ്ങളും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ പേർ കോച്ചിനുള്ളിൽ കുടുങ്ങിക്കിടക്കുന്നെന്നാണ് പൊലീസ് കരുതുന്നത്. ധാക്കയെ ബംഗ്ലാദേശിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ ബെനാപോളുമായി ബന്ധിപ്പിക്കുന്ന പ്രധാന ട്രെയിനാണ് ആക്രമണത്തിന് ഇരയായതെന്നാണ് വിവരം.
ഞായറാഴ്ചയാണ് ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും അതിൻ്റെ സഖ്യകക്ഷികളും തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണമായി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയാണ് അവർ ആവശ്യപ്പെടുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനു വേണ്ടി ഷെയ്ക്ക് ഹസീന രാജിവെക്കണമെന്നും പകരം ഒരു താൽക്കാലിക സർക്കാർ രൂപീകരിക്കണമെന്നുമാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം.
© Copyright 2024. All Rights Reserved