ഹാരി രാജകുമാരന്റെ വിസ അപേക്ഷ സംബന്ധിച്ച രേഖകൾ പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യപ്പെടുന്ന പരാതിയിൽ, ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനു ശേഷം ഇതാദ്യമായി കോടതിയിൽ വിചാരണ ആരംഭിക്കാൻ തുടങ്ങുന്നു. ഹെറിറ്റേജ് ഫൗണ്ടേഷനാണ് പരാതി നൽകിയിരിക്കുന്നത്.
-------------------aud--------------------------------
2023 ൽ പുറത്തിറക്കിയ തന്റെ സ്പെയർ എന്ന പുസ്തകത്തിൽ താൻ ചെറുപ്പകാലത്ത് മയക്കു മരുന്ന് ഉപയോഗിച്ചതായി ഹാരി പരാമർശിച്ചിരുന്നു. അമേരിക്കയിൽ, വിസ ലഭിക്കുന്നതിന് ഇത് നിയമപരമായ തടസമാണ്. എന്നിട്ടും 2020 ൽ തന്റെ ഭാര്യയ്ക്കൊപ്പം അമേരിക്കയിൽ എത്താൻ ഹാരിക്ക് എങ്ങനെ സാധിച്ചു എന്നാണ് ഈ സംഘടന ഉയർത്തുന്ന ചോദ്യം.
കൊക്കെയ്ൻ, മരിജ്ജുവാന, സൈക്കെഡെലിക് മഷ്‌റൂം എന്നിവയൊക്കെ ഉപയോഗിച്ചതായാണ് ഹാരി തന്റെ ആത്മകഥയിൽ പറയുന്നത്. അതുകൊണ്ടു തന്നെ വിസയ്ക്കുള്ള അപേക്ഷയിൽ ഹാരി ഇതെല്ലാം മറച്ചു വെച്ചുകൊണ്ട് കള്ളം പറഞ്ഞിട്ടുണ്ടാകാം എന്നാണ് ഹെറിറ്റേജ് ആരോപിക്കുന്നത്. അതല്ലെങ്കിൽ, അന്നത്തെ ബൈഡൻ ഭരണകൂടം ഹാരിക്ക് അമേരിക്കയിലെക്ക് കുടിയേറാൻ പ്രത്യേക പരിഗണന നൽകിയിട്ടുണ്ടാകാം എന്നും അവർ പറയുന്നു. ഫെബ്രുവരി അഞ്ചിന് ബുധനാഴ്ച വാഷിംഗ്ടൺ ഡി സിയിലെ ഫെഡറൽ കോടതിയിൽ ഹാജരാകാനാണ് ജഡ്ജ് കാൾ ജെ നിക്കോൾസ് ഹെരിറ്റേജിന്റെ അഭിഭാഷകരോടും ഹാരിയോടും ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ സെപ്റ്റംബറിൽ സമാനമായ ആവശ്യമുന്നയിച്ച് ഹെറിറ്റേജ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റിക്കെതിരെ കേസ് നൽകിയിരുന്നു. ഹാരിയുടെ വിസ അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട്, വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ നിരാകരിക്കപ്പെട്ടതിനെ തുടർന്നായിരുന്നു ഈ കേസ്. എന്നാൽ തന്റെ ആദ്യ വിധിയിൽ ജഡ്ജ് നിക്കോൾസ്, ആ രേഖകൾ സ്വകാര്യമായി തന്നെ ഇരിക്കട്ടെ എന്നായിരുന്നു പറഞ്ഞത്.
വിസയ്ക്ക് അപേക്ഷിച്ചവർ, അവർ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അപേക്ഷയിൽ വ്യക്തമാക്കേണ്ടതുണ്ട്. അത് ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ അവരെ നാടുകടത്താം. ഈ മയക്കു മരുന്ന് ഉപയോഗത്തെ കുറിച്ച് ഹാരി, തന്റെ വിസ അപേക്ഷയിൽ പറഞ്ഞിട്ടുണ്ടോ എന്ന് അറിയുന്നതിനാണ് ഹെറിറ്റേജ് ഇപ്പോൾ കേസ് നൽകിയിരിക്കുന്നത്. വിസ അപേക്ഷയിൽ തെറ്റായ വിവരമാണ് നൽകിയതെന്ന് കണ്ടെത്തിയാൽ, താൻ പ്രസിഡണ്ടാണെങ്കിൽ ഹാരിയെ നാടുകടത്തുമെന്ന് നേരത്തെ പ്രസിഡണ്ട് ട്രംപ് പറഞ്ഞിരുന്നു.
എലിസബത്ത് രാജ്ഞിയെ ചതിച്ച വ്യക്തിയാണ് ഹാരി രാജകുമാരൻ എന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ, ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. അത് ക്ഷമിക്കാനാകാത്ത തെറ്റാണെന്നും, താൻ ഒരിക്കലും ഹാരിയെ സംരക്ഷിക്കുകയില്ലെന്നും അന്ന് സൺഡേ എക്സ്പ്രസ്സിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു. ഹാരിയുടെ വിസ അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിടണമെന്ന് ഹെരിറ്റേജ് ട്രംപിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
© Copyright 2024. All Rights Reserved