പുതുതലമുറ തമിഴ് സംവിധായകനിരയിൽ സിനിമകളുടെ ഉള്ളടക്കം കൊണ്ടും അവതരണരീതികൊണ്ടുമൊക്കെ തൻറേതായ ഇടമുണ്ടാക്കിയെടുത്ത ആളാണ് വെട്രിമാരൻ. 2007 ൽ ധനുഷ് നായകനായ പൊല്ലാതവനിലൂടെ അരങ്ങേറ്റം കുറിച്ച വെട്രിമാരൻ ഇതിനകം ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്‍തു. ഈ വർഷം പുറത്തെത്തിയ വിടുതലൈ പാർട്ട് 1 ആണ് അദ്ദേഹത്തിൻറെ സംവിധാനത്തിൽ ഒടുവിൽ പുറത്തെത്തിയ ചിത്രം.
ഇപ്പോഴിതാ ആ ചിത്രത്തിൻറെ നിർമ്മാണവേളയിൽ നേരിട്ട ചില പ്രത്യേക സാഹചര്യങ്ങളെക്കുറിച്ച് പറയുകയാണ് അദ്ദേഹം. ബജറ്റ് പ്രതീക്ഷിച്ചതിൻറെ പല മടങ്ങ് വർധിച്ചതിനെക്കുറിച്ചാണ് അത്. സൂരിയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പിരീഡ് ആക്ഷൻ ക്രൈം ത്രില്ലറിൻറെ നിർമ്മാണം എൽറെഡ് കുമാർ ആയിരുന്നു. നാല് കോടി രൂപയ്ക്ക് തീർക്കാനാവുമെന്ന് ആരംഭത്തിൽ കരുതിയിരുന്ന ചിത്രമാണ് ഇതെന്ന് പറയുന്നു വെട്രിമാരൻ. എന്നാൽ ചിത്രത്തിനായുള്ള സെറ്റുകൾ സന്ദർശിച്ചപ്പോൾത്തന്നെ 20 ദിവസം കൊണ്ട് 10 ശതമാനം സീനുകളേ പൂർത്തിയാക്കാൻ സാധിക്കൂവെന്ന് താൻ മനസിലാക്കിയെന്നും. ഉപകരണങ്ങൾ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനാണ് ബജറ്റിൻറെ 70 ശതമാനവും ചെലവായത്. നിശ്ചയിച്ച ബജറ്റിൽ ചിത്രം പൂർത്തിയാകില്ലെന്ന് മനസിലായപ്പോൾ അക്കാര്യം നിർമ്മാതാവിനെ അറിയിച്ചെന്നും അദ്ദേഹം പറയുന്നു.
വിടുതലൈ തൽക്കാലത്തേക്ക് നിർത്തിവച്ച് മറ്റൊരു ചിത്രം നോക്കാമെന്നുപോലും അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ ഈ പ്രോജക്റ്റിന് അതിനകം മുടക്കിയ സമയവും ഊർജ്ജവും പണവുമൊക്കെ ഓർത്തപ്പോൾ ഞങ്ങൾക്കത് ഉപേക്ഷിക്കാൻ തോന്നിയില്ല. ചെലവ് കുറയ്ക്കാൻ ലൊക്കേഷൻ മാറ്റുന്നതിനെക്കുറിച്ചായി പിന്നെ ചിന്ത. എന്നാൽ അവിടെ ഞങ്ങൾ ഉദ്ദേശിച്ച റിസൽട്ട് കിട്ടുമായിരുന്നില്ല. എന്നാൽ വിജയ് സേതുപതി രക്ഷകനായി എത്തി. ഒരു മികച്ച തുകയ്ക്ക് ചിത്രം കച്ചവടമാക്കിയത് അദ്ദേഹമാണ്. 120 ദിവസം ചിത്രീകരിച്ചതിന് ശേഷമാണ് ചിത്രം രണ്ട് ഭാഗങ്ങളായി ഇറക്കാൻ തീരുമാനിച്ചത്. അതിനനുസരിച്ച് തിരക്കഥയിൽ ചില തിരുത്തലുകളും നടത്തി. ചിത്രത്തിൻറെ രണ്ടാംഭാഗം ഏറെക്കുറെ പൂർത്തിയായിട്ടുണ്ടെന്നും ഇനിയത് ഫെസ്റ്റിവലുകളിലേക്കുള്ള യാത്ര ആരംഭിക്കുമെന്നും വെട്രിമാരൻ പറയുന്നു. 2024 തുടക്കത്തിലാവും വിടുതലൈ പാർട്ട് 2 പുറത്തെത്തുക.
© Copyright 2024. All Rights Reserved