40 ബില്ല്യൺ പൗണ്ടിന്റെ നികുതി സമാഹരണം പ്രഖ്യാപിച്ചതിനു പിന്നാലെ മോർട്ട്‌ഗേജ് നിരക്കുകൾ വർധിക്കുന്നു. പ്രതിവർഷം നൂറുകണക്കിന് പൗണ്ട് അധിക തിരിച്ചടവ് നടത്തേണ്ട ഗതികേടിലേക്കാണ് ഭവനഉടമകൾ മാറുന്നത്. മുൻ കൺസർവേറ്റീവ് ഗവൺമെന്റിനെ അപേക്ഷിച്ച് ലേബർ പദ്ധതികൾ മോർട്ട്‌ഗേജ് ചെലവുകൾ വേഗത്തിൽ ഉയർത്താനാണ് സഹായിക്കുകയെന്ന് ഓഫീസ് ഫോർ ബജറ്റ് റെസ്‌പോൺസിബിലിറ്റി വ്യക്തമാക്കി. തന്റെ ആദ്യ ബജറ്റ് അവതരണത്തിൽ 41.5 ബില്ല്യൺ പൗണ്ടിന്റെ റെക്കോർഡ് നികുതി വേട്ടയ്ക്കാണ് ചാൻസലർ കളമൊരുക്കിയത്.
-------------------aud--------------------------------
ബജറ്റിനൊപ്പം പുറത്തുവിട്ട ധനകാര്യ നിരീക്ഷകരുടെ 200 പേജ് പരിശോധനാ റിപ്പോർട്ടിലാണ് 2027 ആകുന്നതോടെ മോർട്ട്‌ഗേജ് നിരക്കുകൾ 3.7 ശതമാനത്തിൽ നിന്നും 4.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് വ്യക്തമാക്കിയത്. 2030 വരെയെങ്കിലും ഈ തോതിൽ ഉയർന്ന നിലയിൽ നിരക്കുകൾ നിലനിൽക്കുമെന്നും ഒബിആർ പ്രവചിക്കുന്നു.
കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ചാൻസലർ ജെറമി ഹണ്ട് അവതരിപ്പിച്ച ബജറ്റ് പ്രകാരം മോർട്ട്‌ഗേജ് നിരക്കുകൾ പരമാവധി 4.1 ശതമാനം എത്തിയതിന് ശേഷം താഴുമെന്നായിരുന്നു നിഗമനം. സ്റ്റാമ്പ് ഡ്യൂട്ടിയിൽ റീവ്‌സ് പ്രഖ്യാപിച്ച മാറ്റങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും.
ആദ്യത്തെ വീട് വാങ്ങുന്നവരെ സ്റ്റാമ്പ് ഡ്യൂട്ടി വർധന ബാധിക്കില്ലെന്നത് ആശ്വാസകരമായി. എന്നാൽ ലാൻഡ്‌ലോർഡ്‌സിനെയും, രണ്ടാമത്തെ വീട് വാങ്ങുന്നവരെയും വർദ്ധന തിരിച്ചടിക്കും. പ്രോപ്പർട്ടി വാങ്ങുമ്പോൾ മുൻകൂറായി നൽകുന്ന നികുതിയാണ് സ്റ്റാമ്പ് ഡ്യൂട്ടി.
രണ്ടാമത്തെ വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി 3 ശതമാനത്തിൽ നിന്നും 5 ശതമാനമായി ഉയരും. ഒക്ടോബർ 31 മുതൽ ഇത് പ്രാബല്യത്തിലും വരും. രണ്ടാമത്തെ വീട് വാങ്ങുന്നവരെ നിരുത്സാഹപ്പെടുത്തുന്നതാണ് ഈ നീക്കം. ഇത് ആദ്യത്തെ വീട് വാങ്ങുന്നവർക്ക് ലാഭകരമായി മാറുമെന്നാണ് കരുതുന്നത്.
നിലവിൽ ആദ്യത്തെ വീട് വാങ്ങുന്നവർ മൂല്യം 425,000 പൗണ്ട് വരെയാണ് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല. 425,000 മുതൽ 625,000 പൗണ്ട് വരെ മൂല്യം ഉയർന്നാൽ 5 ശതമാനമാണ് ഡ്യൂട്ടി. അതേസമയം സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് 2025 ഏപ്രിൽ മുതൽ 300,000 പൗണ്ട് വരെയായി തിരിച്ചിറങ്ങും.
© Copyright 2024. All Rights Reserved