ചാൻസലർ റേച്ചൽ റീവ്‌സിന്റെ ബജറ്റ് സമ്മാനിച്ച ദുരന്തം മൂലം ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ വളർച്ചാനിരക്ക് 0.75 ശതമാനത്തിലേക്ക് കുറഞ്ഞു.
-------------------aud--------------------------------
ബാങ്ക് ഓഫ് ഇംഗ്ലണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നടത്തിയ പ്രഖ്യാപനങ്ങൾ ഇതുവരെ ലേബർ ഗവൺമെന്റ് മറച്ചുപിടിക്കാൻ ശ്രമിച്ച സത്യങ്ങളെല്ലാം പുറത്തിടുന്നതാണ്.
റേച്ചൽ റീവ്‌സിന്റെ ദുരന്ത സമാനമായ ബജറ്റ് രാജ്യത്തിന് സാമ്പത്തിക സ്തംഭനാവസ്ഥയാണ് സമ്മാനിച്ചതെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനങ്ങൾ സ്ഥിരീകരിക്കുന്നത്. ബജറ്റിൽ നിന്നും നൂറ് ദിവസം മാത്രം അകലെ എത്തുമ്പോഴാണ് യുകെയുടെ വളർച്ച ഈ വർഷം പകുതിയായി, കേവലം 0.75 ശതമാനത്തിൽ ഒതുങ്ങുമെന്ന് ബാങ്ക് വ്യക്തമാക്കുന്നത്.
ജീവിതച്ചെലവ് പ്രതിസന്ധി സമ്മർദങ്ങൾ കൂടുതൽ വർദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്. പണപ്പെരുപ്പം ഈ വർഷം 3.7 ശതമാനത്തിലേക്ക് വർദ്ധിക്കുമ്പോൾ തിരിച്ചടി കൂടുതൽ ശക്തമാകും. എനർജി ബില്ലുകൾ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ കനത്ത ആഘാതം സൃഷ്ടിക്കുമ്പോഴാണ് ഈ തിരിച്ചടികൾ. എന്നാൽ ഇവയെല്ലാം ഒത്തുചേരുന്നത് 'സ്റ്റാഗ്ഫ്‌ളേഷനിലേക്ക്' നയിക്കുമെന്നാണ് ആശങ്ക.
1970-കളിൽ ബ്രിട്ടനെ തകർത്ത സ്ഥിതിയാണ് ഇത്. ആ ഘട്ടത്തിൽ 20 ശതമാനത്തിലേക്ക് പണപ്പെരുപ്പം ഉയർന്നിരുന്നു. എന്നാൽ ഇക്കുറി പരമാവധി 3.7 ശതമാനത്തിലേക്കാണ് പണപ്പെരുപ്പം എത്തുകയെന്നാണ് കരുതുന്നത്. വളർച്ച പ്രതീക്ഷിച്ചതിലും ദുർബലമാണെന്നും, ബിസിനസ്സുകളുടെയും, ഉപഭോക്താക്കളുടെയും ആത്മവിശ്വാസം താഴ്ന്നതായും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്ക് പ്രഖ്യാപനത്തിന് പിന്നാലെ പൗണ്ട് ഒരു സെന്റും, പകുതിയും ഡോളറിനെതിരെ താഴ്ന്നു. യൂറോയ്ക്ക് എതിരെയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 100 ദിവസം കൊണ്ട് ലേബർ ഗവൺമെന്റിന്റെ ദുരന്ത ബജറ്റ് സമ്മാനിച്ചത് എന്താണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രവചനങ്ങൾ വ്യക്തമാക്കുന്നതായി ടോറി ബിസിനസ്സ് വക്താവ് ആൻഡ്രൂ ഗ്രിഫിത്ത് ചൂണ്ടിക്കാണിച്ചു.
© Copyright 2025. All Rights Reserved