ബന്ദികളെ ജീവനോടെ തിരികെ വേണമെങ്കിൽ ഗസ്സക്കെതിരായ യുദ്ധം ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് മുതിർന്ന ഹമാസ് വക്താവ് ഉസാമ ഹംദാൻ യുദ്ധം അവസാനിക്കുന്നത് വരെ ബന്ദിമോചനത്തെക്കുറിച്ച് ഇനി ചർച്ച ഇല്ലെന്നും ബെയ്റൂത്തിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.-------------------aud-------------------------------- 'ബന്ദികളെ കണ്ടുപിടിക്കുന്നതിൽ ഇസ്രായേൽ സൈന്യം നേരിട്ട പരാജയം, അവർ മൊത്തത്തിൽ പരാജയപ്പെട്ടു എന്നതിൻ്റെ തെളിവാണ്. സൈനിക നീക്കത്തിലൂടെ ബന്ദികളെ ജീവനോടെ പിടിച്ചെടുക്കാൻ നിങ്ങൾക്ക് കഴിയില്ല. അതിനാൽ അതിന് ശ്രമിക്കരുത്. നിങ്ങളുടെ ഓരോ നീക്കവും അവരുടെ ജീവൻ അപകടപ്പെടുത്തുക മാത്രമാണ് ചെയ്യുക' -ഇസ്രായേൽ അധികൃതരെ അഭിസംബോധന ചെയ്തുകൊണ്ട് ഹംദാൻ പറഞ്ഞു..ഗസ്സയിൽ നെതന്യാഹുവിൻ്റെ ലക്ഷ്യം കൈവരിക്കാൻ കഴിയില്ല. അതിൽ അവർ വിജയിക്കില്ല. വിചാരണയിലും തടവിലുമായിരിക്കും നെതന്യാഹുവിൻ്റെ അവസാനം. ഗസ്സയിലുള്ള ഇസ്രായേൽ സൈനികരുടെ മടക്കം ഒന്നുകിൽ കൊല്ലപ്പെട്ട നിലയിലോ അല്ലങ്കിൽ പരിക്കേറ്റ നിലയിലോ ആയിരിക്കും -അദ്ദേഹം മുന്നറിയിപ്പ് നൽകി.വെടിനിർത്തൽ പ്രമേയം തടയാൻ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ യു.എസ് വീറ്റോ പ്രയോഗിച്ചതോടെ, ബൈഡനും അദ്ദേഹത്തിൻ്റെ ഭരണകൂടവും ഫലസ്തീനികളുടെ വംശീയ ഉന്മൂലനത്തിൽ പങ്കാളികളാണ്. വടക്കൻ ഗസ്സയിൽ ഇസ്രായേൽ സൈന്യം ഫലസ്തീനികളെ തടവിലിടുകയും വിവസ്ത്രരാക്കുകയും ചെയ്യുന്നത് ഫലസ്‌തീൻ ജനതയുടെ ആത്മാഭിമാനത്തെ തകർക്കാനുള്ള ശ്രമമാണ്. അധിനിവേശ വെസ്റ്റ്ബാങ്കിലെ ചെറുത്തുനിൽപ് ഇല്ലാതാക്കാനുള്ള നീക്കമാണ് ചൊവ്വാഴ്‌ച ജെനിനിൽ ഇസ്രായേൽ നടത്തിയ നരവേട്ട. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഇസ്രായേൽ സൈന്യം ഗസ്സയിൽ മാത്രം 25 കൂട്ടക്കൊലകൾ നടത്തിയതായും ഹമാസ് വക്താവ് ചൂണ്ടിക്കാട്ടി. ഒക്ടോബർ ഏഴിന് ഇസ്രായേലിൽനിന്ന് പിടികൂടിയ 137 ബന്ദികൾ ഇപ്പോഴും ഹമാസിന്റെ കൈയിൽതന്നെയാണെന്ന് ഇസ്രായേൽ സർക്കാർ വക്താവ് എയിലോൺ ലെവി കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇവരിൽ 117 പുരുഷൻമാരും 20 സ്ത്രീകളുമാണുള്ളത്. ആകെ പിടികൂടിയ 247 ബന്ദികളിൽ 110 ബന്ദികളെ വെടിനിർത്തൽ കാലയളവിൽ ഹമാസ് മോചിപ്പിച്ചിരുന്നു. 86 ഇസ്രായേലികളും 24 വിദേശ പൗരന്മാരുമാണ് വിട്ടയക്കപ്പെട്ടത്. യുദ്ധത്തിന് മുമ്പ് കാണാതായ നാല് പേരും ഹമാസിന്റെ കൈയിലുള്ളതായി സംശയിക്കുന്നുണ്ട്. ഹമാസിന്റെ കൈവശമുള്ള ബന്ദികളിൽ 126 പേർ ഇസ്രായേലികളും 11 പേർ വിദേശ പൗരന്മാരുമാണ്. എട്ട് തായ്‌ലൻഡുകാർ, ഒരു നേപ്പാളി, ഒരു ടാൻസാനിയൻ, ഒരു ഫ്രഞ്ച് മെക്‌സിക്കൻ പൗരൻ എന്നിവരാണ് വിദേശികൾ. പത്ത് മാസം പ്രായമുള്ളതും നാല് വയസ്സ് പ്രായമുള്ളതുമായ രണ്ട് കുട്ടികളും ബന്ദികളിൽ ഉണ്ട്. ഇവർ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും മൃതദേഹങ്ങൾ ഇസ്രായേലിന് കൈമാറാമെന്നും ഹമാസ് അറിയിച്ചിരുന്നു. ഇസ്രായേൽ ജയിലിലടച്ച എല്ലാ ഫലസ്‌തീൻ തടവുകാർക്കും പകരം തങ്ങൾ തടവിലാക്കിയ എല്ലാ ഇസ്രായേൽ സൈനികരെയും മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് നേതാവും ഗസ്സ മുൻ ആരോഗ്യമന്ത്രിയുമായ ബാസിം നഈം പറഞ്ഞിരുന്നു.
© Copyright 2024. All Rights Reserved