2022 ഏപ്രിൽ മാസത്തിൽ സൗത്ത് ലണ്ടനിലെ ബെർമോണ്ട്‌സെയിലുള്ള ഇവരുടെ വീട്ടിൽ കടന്നുകയറിയായിരുന്നു സാമന്ത ഡ്രുമണ്ട്‌സിനെയും, ഇവരുടെ കുടുംബാംഗങ്ങളെയും ജാക്വസ് കുത്തിക്കൊന്നത്. ബലി നൽകിയതാണെന്നാണ് കൊലയാളി അവകാശപ്പെട്ടതെന്ന് ഓൾഡ് ബെയ്‌ലി വിചാരണയിൽ വ്യക്തമായി.
കൊലപാതകങ്ങളിൽ ചുരുങ്ങിയത് 46 വർഷം ശിക്ഷയാണ് കോടതി വിധിച്ചത്. 27-കാരി ഡ്രുമണ്ട്‌സ്, അമ്മ 45-കാരി തനീഷാ ഒഫോരി അകുഫോ, മുത്തശ്ശി 64-കാരി ഡോളെറ്റ് ഹിൽ, ഹില്ലിന്റെ പങ്കാളി ഡെന്റൺ ബുർകെ എന്നിവരുടെ മൃതദേഹങ്ങളാണ് പോലീസ് സ്ഥലത്ത് എത്തുമ്പോൾ കണ്ടെത്തിയത്. കഞ്ചാവ് ഉപയോഗം വലിയ തോതിൽ വർദ്ധിപ്പിച്ച് വന്ന ശേഷമായിരുന്നു ജാക്വസ് ഭയാനകമായ കൃത്യങ്ങൾ ചെയ്തതെന്ന് ജഡ്ജ് പറഞ്ഞു. ദിവസേനയുള്ള മയക്കുമരുന്ന് ഉപയോഗത്തിന്റെ ബലത്തിൽ ഒരു കുടുംബത്തിലെ മൂന്ന് തലമുറയെയാണ് കൊലയാളി ഇല്ലാതാക്കിയതെന്ന് ജസ്റ്റിസ് ബ്രയാൻ ചൂണ്ടിക്കാണിച്ചു. മയക്കുമരുന്നും, മദ്യവും അകത്താക്കിയ നിലയിലാണ് ഇയാൾ ക്രൂരത ചെയ്തുകൂട്ടിയത്. സായുധ പോലീസ് സംഭവസ്ഥലത്ത് നിന്നും ഇയാളെ കണ്ടെത്തുമ്പോൾ നഗ്നമായ നിലയിൽ പ്രാർത്ഥനയിലായിരുന്നു.
'അള്ളാ, എന്നെ എടുക്കൂ', 'എന്നെ ഇപ്പോൾ തന്നെ കൊല്ലൂ', 'എന്റെ അടുത്ത് വരരുത്', 'ദൈവമേ എന്നോട് പൊറുക്കൂ' എന്നിങ്ങനെ ഇയാൾ അലറിവിളിച്ചു. എന്നാൽ ലൂഷാം ആശുപത്രിയിലെത്തിച്ച പ്രതി താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ബലി നൽകുകയാണ് ചെയ്തതെന്ന് വിശദീകരിച്ചു. ചിലപ്പോൾ ഈ മണ്ടത്തരം ആവർത്തിക്കുമെന്നും മുന്നറിയിപ്പ് നൽകി. കഞ്ചാവ് ഉപദ്രവമില്ലാത്ത മയക്കുമരുന്നാണെന്ന് വാദിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ സംഭവമെന്ന് ജഡ്ജ് ഓർമ്മിപ്പിച്ചു.
© Copyright 2023. All Rights Reserved