സംസ്ഥാനത്ത് പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി അംഗങ്ങളായ 2.40 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നില്ല. ബാങ്ക് അക്കൗണ്ട് ആധാർബന്ധിതമല്ലാത്തതാണു ഇതിനു കാരണം ആയി പറയുന്നത്. ആനുകൂല്യം മുടങ്ങിയവർ ഏറ്റവും കൂടുതൽ തൃശൂർ ജില്ലയിലാണ് – 34,689 പേർ. തുടർന്ന് ആലപ്പുഴയിൽ 21,656 പേർക്കും തിരുവനന്തപുരത്ത് 20,846 പേർക്കും ആനുകൂല്യം ലഭിക്കുന്നില്ല.
2 ഹെക്ടർ വരെ കൃഷിഭൂമിയുള്ള ചെറുകിട കർഷകർക്ക് വർഷത്തിൽ 3 തവണയായി 2000 രൂപ വീതം അക്കൗണ്ടിൽ ലഭിക്കുന്ന പദ്ധതിയാണിത്. സംസ്ഥാനത്ത് ആകെ 23.4 ലക്ഷം കർഷകരാണു പദ്ധതിയിലുള്ളത്. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ആനുകൂല്യം നൽകൂവെന്ന് ഈയിടെയാണു കേന്ദ്ര സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്ത് ആധാർ സീഡിങ് നടത്തിയ കർഷകരുടെ അക്കൗണ്ടുകളിലേക്ക് ഏപ്രിൽ – ജൂലൈ കാലയളവിൽ 311 കോടി രൂപ കേന്ദ്രം നൽകി.
ആധാർബന്ധിത അക്കൗണ്ട് ആരംഭിക്കാൻ കർഷകരെ സഹായിക്കുന്നതിന് കേന്ദ്രം തപാൽ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ഈ മാസം 30നു മുൻപ് അക്കൗണ്ട് തുടങ്ങിയാൽ ഒക്ടോബറിൽ വിതരണം ചെയ്യുന്ന തുകയും മുടങ്ങിയ ഗഡുക്കളും ലഭിക്കും. ആധാർ നമ്പർ, ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ലഭിക്കാനുള്ള മൊബൈൽ ഫോൺ, അക്കൗണ്ട് തുറക്കാൻ 200 രൂപ എന്നിവയുമായി പോസ്റ്റ് ഓഫിസിലെത്തുകയോ പോസ്റ്റ്മാനെ സമീപിക്കുകയോ ചെയ്യണം.
© Copyright 2023. All Rights Reserved