ദിലീപ് നായകനായ ‘ബാന്ദ്ര’ സിനിമയ്ക്കെതിരെ മോശം നിരൂപണം നടത്തിയ വ്ലോഗർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ്, ഷാസ് മുഹമ്മദ്, അർജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂട്യൂബർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിർമാതാക്കളായ അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
ചിത്രം റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളിൽ കമ്പനിക്കു നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹർജിയിലെ ആരോപണം. കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കു നിർദ്ദേശം നൽകണമെന്നും നിർമാണ കമ്പനി ഹർജിയിൽ ആവശ്യപ്പെടുന്നു. ചിത്രത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സോഷ്യൽ മീഡിയ വഴി വ്യാജവും മോശവും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം. ഇവർ ചെയ്യുന്നത് അപകീർത്തിപ്പെടുത്തൽ മാത്രമല്ല കൊള്ളയടിക്കലാണെന്നും നിർമാതാക്കൾ പറയുന്നു.
ഈയടുത്ത കാലത്ത് മലയാളികളുടെ ചർച്ചവട്ടങ്ങളിൽ സജീവമായ വാക്കാണ് 'റിവ്യൂ ബോംബിങ്'. സമൂഹമാധ്യമങ്ങളിലൂടെ നെഗറ്റീവ് റിവ്യൂ പങ്കുവച്ച് സിനിമയെ തകർക്കുന്നതിനെ 'റിവ്യൂ ബോംബിങ്' എന്നു വാക്കു കൊണ്ടാണ് കോടതി പോലും അടയാളപ്പെടുത്തിയത്. സിനിമയെക്കുറിച്ച് അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശം ഉണ്ടെങ്കിലും മനഃപൂർവം വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള നിരൂപണമോ നെഗറ്റീവ് റിവ്യൂ സംബന്ധിച്ച ബ്ലാക്ക് മെയിലിങ് പോലെയുള്ള ക്രിമിനൽ സ്വഭാവമുള്ള ഇടപെടലോ നടന്നാൽ പരാതിപ്പെടാമെന്ന് പൊലീസ് പറയുന്നു.
© Copyright 2024. All Rights Reserved