രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനെക്കുറിച്ചുള്ള ബി.ബി.സി വാർത്തയ്‌ക്കെതിരെ ബ്രിട്ടീഷ് എം.പി. പക്ഷപാതപരമായാണ് ചാനൽ വാർത്ത റിപ്പോർട്ട് ചെയ്തതെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവായ ബോബ് ബ്ലാക്ബേൺ ആരോപിച്ചു. ബാബരി തകർത്ത ഭൂമിയിലാണ് രാമക്ഷേത്രം ഉയർന്നതെന്ന ബി.ബി.സി റിപ്പോർട്ടാണ് എം.പിയെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാർലമെന്റിലാണ് ചാനലിനെതിരെ ബോബ് ബ്ലാക്ബേൺ രംഗത്തെത്തിയത്. ''കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടന്നു. ശ്രീരാമന്റെ ജന്മഭൂമിയിലായതിനാൽ ലോകത്തെങ്ങുമുള്ള ഹിന്ദുക്കൾക്ക് അതു വലിയ സന്തോഷമായിരുന്നു. എന്നാൽ, ഏറെ ദുഃഖകരമായ കാര്യം, ഒരു പള്ളി തകർത്ത ഭൂമിയിലാണ് ഇതു നിർമിച്ചതെന്നാണ് ബി.ബി.സി ചടങ്ങിന്റെ റിപ്പോർട്ടിൽ പറഞ്ഞത്.''-എം.പി പറഞ്ഞു.പള്ളി തകർക്കുന്നതിന് 2,000 വർഷംമുൻപ് അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്ന യാഥാർത്ഥ്യം മറക്കുകയാണ് ബി.ബി.സിയെന്നും ബ്ലാക്ബേൺ ആരോപിച്ചു. ഇതേ നഗരത്തോട് ചേർന്നുതന്നെ പള്ളി ഉയർത്താനായി അഞ്ച് ഏക്കർ ഭൂമി മുസ്‌ലിംകൾക്കു നൽകിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകത്ത് നടക്കുന്ന സംഭവങ്ങൾ വസ്തുതാപരമായി രേഖപ്പെടുത്തുന്നതിൽ ബി.ബി.സിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ചാനലിന്റെ പക്ഷപാതിത്വത്തെക്കുറിച്ചു ചർച്ച ചെയ്യാൻ കൂടുതൽ സമയം അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.ബി.ബി.സിയുടെ രാമക്ഷേത്ര റിപ്പോർട്ടിങ്ങിനെ സോഷ്യൽ മീഡിയയിലും ബോബ് ബ്ലാക്ബേൺ വിമർശിച്ചു. ചാനലിന്റെ പക്ഷപാതപരമായ റിപ്പോർട്ടിങ്ങിൽ ആശങ്ക ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം വാദിച്ചു. ഹിന്ദു അവകാശങ്ങളുടെ ശക്തനായ വക്താവെന്ന നിലയ്ക്ക് ചാനലിൽ വന്ന ലേഖനം വലിയ കുഴപ്പമാണു സൃഷ്ടിച്ചിരിക്കുന്നതെന്നും ബ്ലാക്ബേൺ കുറിച്ചു.
© Copyright 2025. All Rights Reserved