ബ്രിട്ടനില്‍ ബാബറ്റ് കൊടുങ്കാറ്റ് കനത്ത നാശം വിതയ്ക്കുന്നു. മണിക്കൂറില്‍ 80 മൈല്‍ വേഗതയിലുള്ള ശക്തമായ കാറ്റും കനത്ത മഴയും രാജ്യത്തെ താറുമാറാക്കി. സ്‌കോട്ട്‌ലാന്‍ഡില്‍ അന്‍പത്തേഴുകാരി മരണമടഞ്ഞു. ഒരു നദിയിലേക്ക് ഒഴുകിപ്പോവുകയായിരുന്നു ഈ വനിത. പിന്നീട് ആന്‍ഗസില്‍ ഇവരുടെ മൃതദേഹം കണ്ടുകിട്ടി. ഗ്ലെന്‍ എസ്‌കിലെ വാട്ടര്‍ ഓഫ് ലീയില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹം കണ്ടുകിട്ടിയത്.
ആന്‍ഗസ്സിലെ ബ്രീക്കിനില്‍ 360 ഓളം വീടുകള്‍ ഒഴിപ്പിച്ചു. അതിനു പുറമെ ബ്രിട്ടനില്‍ ആകമാനമായി 10,000 ഓളം വീടുകളില്‍ വൈദ്യൂതിബന്ധം പൂര്‍ണ്ണമായും വിഛേദിക്കപ്പെട്ടു. ഇതിലും ഗുരുതരമായ സാഹചര്യം വരാന്‍ ഇരിക്കുന്നതേയുള്ളു എന്ന് സ്‌കോട്ട്‌ലാന്‍ഡ് ഡെപ്യുട്ടി ഫസ്റ്റ് മിനിസ്റ്റര്‍ ഷോന റോബിന്‍സണ്‍ മുന്നറിയിപ്പ് നല്‍കി. ബാബറ്റ് കൊടുങ്കാറ്റ് നാശം വിതയ്ക്കാന്‍ തുടങ്ങിയതോടെ വടക്കന്‍ ഇംഗ്ലണ്ടിലും, മിഡ്‌ലാന്‍ഡ്‌സിലും വെയ്ല്‍സിലും മെറ്റ് ഓഫീസ് പുതിയ ആംബര്‍ വാര്‍ണിംഗ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച ഉച്ച മുതല്‍ ശനിയാഴ്ച രാവിലെ 6 മണിവരെ ആയിരിക്കും ഇത് പ്രാബല്യത്തില്‍ ഉണ്ടാവുക. ചിലയിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ടാകാന്‍ ഇടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
© Copyright 2023. All Rights Reserved