മഡിഡ് സുന്ദരമായ ഗോളുകളും അതിലേറെ അഴകുള്ള കളി
നിമിഷങ്ങളുമായി ആരാധകരെ ആവേശക്കൊടുമുടിയേറ്റിയ യുവേഫ ചാംപ്യൻസ് ലീഗ് സെമിയുടെ ആദ്യപാദത്തിൽ സമനിലയ്ക്ക് കൈകൊടുത്ത് ബാർസിലോനയും ഇൻ്റർ മിലാനും ആവേശം വാനോളമുയർന്ന മത്സരത്തിൽ മൂന്നു ഗോൾ വീതം നേടിയാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. ആദ്യ മിനിറ്റിലെ ഗോളുൾപ്പെടെ സ്വന്തം തട്ടകത്തിൽ രണ്ടു തവണ പിന്നിലായിപ്പോയ ബാർസിലോന, ആദ്യം രണ്ടു ഗോളും പിന്നീട് ഒരു ഗോളും തിരിച്ചടിച്ചാണ് ഇന്റർ മിലാനെ തളച്ചത്.
2010ൽ ഇരുടീമുകളും സെമി കളിച്ചപ്പോൾ ഇൻ്റർ മിലാനായിരുന്നു വിജയം. ആ വർഷം ഫൈനലിൽ ബയൺ മ്യൂണിക്കിനെ തോൽപിച്ച് ഇന്റർ മിലാൻ ചാംപ്യന്മാരാവുകയും ചെയ്തു. ഇത്തവണത്തെ സെമിയുടെ രണ്ടാം പാദം ഇന്റർ മിലാൻ്റെ തട്ടകമായ സാൻ സിറോയിൽ ചൊവ്വാഴ്ച്‌ച നടക്കും.
ഇന്റർ മിലാനായി ഡെൻസൽ ഡംഫ്രിസ് ഇരട്ടഗോൾ നേടി. 21, 63 മിനിറ്റുകളിലായിരുന്നു ഡംഫ്രിസിൻ്റെ ഗോളുകൾ. ഇൻ്റർ മിലാന്റെ ആദ്യ ഗോൾ മത്സരം തുടങ്ങി സെക്കൻഡുകൾക്കുള്ളിൽ മാർക്കസ് തുറാം നേടി. ബാർസിലോനയ്ക്കായി ലമീൻ യമാൽ (24-ാം മിനിറ്റ്), ഫെറാൻ ടോറസ് (38-ാം മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടു. 65-ാം മിനിറ്റിൽ റാഫീഞ്ഞയുടെ കരുത്തുറ്റ ഷോട്ട് തടയാനുള്ള ശ്രമത്തിനിടെ മിലാൻ ഗോൾകീപ്പർ യാൻ സോമർ വഴങ്ങിയ സെൽഫ് ഗോളാണ് ബാർസയ്ക്ക് സമനില സമ്മാനിച്ചത്.
© Copyright 2025. All Rights Reserved