കോൺഗ്രസ് ആണ് ശരിയായ ബദൽ എന്ന് പത്തു വർഷത്തെ ബിജെപി ഭരണത്തിലൂടെ ജനങ്ങൾക്കു ബോധ്യമായിട്ടുണ്ടെന്ന് പാർട്ടി നേതാവ് ശശി തരൂർ. താൻ ബിജെപിയിലേക്കു പോവില്ലെന്നും കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്നും, ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞു.
കമൽ നാഥ് ബിജെപിയിലേക്കു പോവുമെന്ന വാർത്തകളിൽ പാർട്ടി ഇതിനകം തന്നെ പ്രതികരണം അറിയിച്ചിട്ടുണ്ടെന്ന് തരൂർ ചൂണ്ടിക്കാട്ടി. അസംബന്ധ വാർത്തയാണ് ഇതെന്ന് കമൽനാഥുമായി അടുപ്പമുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്. മനീഷ് തിവാരിയുമായി ബന്ധപ്പെട്ട വാർത്ത അദ്ദേഹത്തിന്റെ ഓഫിസും നിഷേധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഊഹാപോഹ വാർത്തകൾ പ്രചരിപ്പിക്കുകയെന്നത് ഒരു തന്ത്രമാണ്. അതിൽ വീഴാൻ താനില്ലെന്ന് തരൂർ പറഞ്ഞു. അതേസമയം മഹാരാഷ്ട്രാ നേതാക്കളായ അശോക് ചവാൻ, മിലിന്ദ് ദേവ്‌റ, ബാബാ സിദ്ധിഖി എന്നിവർ ബിജെപിയിൽ ചേർന്നതിനെക്കുറിച്ച് പ്രതികരിക്കാൻ തരൂർ വിസമ്മതിച്ചു. യുഎന്നിലെ കാലാവധി കഴിഞ്ഞപ്പോൾ ബിജെപിയും ഇടതുപക്ഷവും ഉൾപ്പെടെയുള്ള പാർട്ടികൾ തന്നെ സമീപിച്ചിരുന്നു. കോൺഗ്രസിന്റെ ആശയങ്ങളിൽ വിശ്വസിക്കുന്നതുകൊണ്ടാണ് പാർട്ടിയിൽ ചേർന്നതെന്ന് തരൂർ വ്യക്തമാക്കി.
© Copyright 2024. All Rights Reserved