തൃശൂരിലെ ജനങ്ങൾ ലോക്‌സഭാംഗമായിരിക്കാൻ പറഞ്ഞാൽ അതാണ് സന്തോഷമെന്ന് ടിഎൻ പ്രതാപൻ എംപി. രാജി വയ്ക്കേണ്ട സാഹചര്യം ഇനിയുമുണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. വിശ്വാസം എല്ലാവരേയും രക്ഷിക്കട്ടെ. മാതാവ് തന്നെയും രക്ഷിക്കട്ടെയെന്നും സുരേഷ് ഗോപി ലൂർദ്ദ് പള്ളിയിൽ സ്വർണ്ണ കിരീടം സമർപ്പിച്ച വിഷയത്തിൽ ടി എൻ പ്രതാപൻ പ്രതികരിച്ചു. ബിജെപി ടാർജറ്റ് ചെയ്ത തന്നെ സംരക്ഷിക്കേണ്ട ബാധ്യത നല്ല കമ്യൂണിസ്റ്റുകൾക്കുണ്ട്. തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്ത് പോവുമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.
ചില സമൂഹ മാധ്യമങ്ങളെ പർച്ചസ് ചെയ്ത് വ്യക്തിഹത്യ നടത്തുകയാണ്. പെയ്ഡ് സോഷ്യൽ മീഡിയാ വാർത്തകൾ സൃഷ്ടിക്കുകയാണ്. വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണ്. പള്ളിയിൽ പോയാൽ ബൈബിളും ക്ഷേത്രത്തിൽ പോയാൽ ഗീതയും മുസ്ലിം പരിപാടികൾക്ക് പോയാൽ ഖുറാനും സംസാരിക്കാറുണ്ട്. എന്നാൽ ചിലർ ചില പ്രസംഗമെടുത്ത് വർഗീയ ചേരിതിരിവിന് ശ്രമിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടും. കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ചിലപ്പോഴെല്ലാം അറിയിക്കാറില്ല. ദേശീയപാത 66 മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചത് അറിയിച്ചില്ല. പണിതീർന്നത് തുറന്നു കൊടുക്കുമെന്ന പ്രസ്താവനയും താനറിയാതെയാണ്. നേരിട്ട് കണ്ടപ്പോൾ പരിഭവം അറിയിച്ചുവെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.
© Copyright 2024. All Rights Reserved