ബി ബി സിയുടെ ലൈസൻസ് ഫീസ് 9 ശതമാനം ഉയർത്തുന്നതിനെതിരെ സർക്കാർ രംഗത്ത് വന്നു. 9 ശതമാനം ഫീസ് വർദ്ധനവ് വളരെ കൂടുതലാണെന്നാണ് കൾച്ചർ സെക്രട്ടറി ലൂസി ഫ്രേസർ പറഞ്ഞത്. നിലവിലെ കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധി പരിഗണിച്ച് അനുയോജ്യമായ തീരുമാനം ബി ബി സി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിലവിൽ പ്രതിവർഷം 159 പൗണ്ട് ആണ് ബി ബി സിയുടെ ഫീസ്. ഇതിൽ 15 പൗണ്ടിന്റെ വർദ്ധനവ് നടത്തി ഏപ്രിൽ മുതൽ 173.30 പൗണ്ട് ആക്കനാണ് ബി ബി സിയുടെ ശ്രമം.
സർക്കാരിന് വിയോജിപ്പുള്ളതിനാൽ ഫീസ് വർദ്ധനവ് നടപ്പിലാക്കാതെ വരുമോ എന്ന സ്‌കൈ ന്യുസിലെ കേ ബേർലിയുടെ ചോദ്യത്തിനാണ് വളരെ ഉയർന്ന നിരക്കാണ് എന്ന് കൾച്ചർ സെക്രട്ടറി മറുപടി പറഞ്ഞത്. ഈ തീരുമാനത്തെ താൻ സസൂക്ഷ്മം പരിശോധിക്കുകയാണെന്നും അധികം വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്നും ലൂസി ഫ്രേസർ പറഞ്ഞു. വർദ്ധനവ് നടപ്പിലാക്കാതിരിക്കുമോ എന്ന് വീണ്ടും ചോദിച്ചപ്പോൾ, വർദ്ധിപ്പിച്ച നിരക്കിലാണ് ആശങ്കയെന്നും, വളരെ ശ്രദ്ധാപൂർവ്വം ഇക്കാര്യം കൈകാര്യം ചെയ്യുമെന്നുമായിരുന്നു മറുപടി.
ബി ബി സി വളരെ കാര്യക്ഷമമായ സേവനമാണ് നൽകുന്നതെന്നും, ജനോപകാരപ്രദമാണെന്നും സമ്മതിക്കുമ്പോൾ തന്നെ മാധ്യമങ്ങളുടെ രൂപം മാറിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.ലൈസൻസ് ഫീസ് നീതീകരിക്കാൻ കഴിയുന്നതാകണം എന്നും അവർ പറഞ്ഞു.കഴിഞ്ഞ വർഷം ഏതാണ്ട് 4 ലക്ഷത്തോളം പേരാണ് ലൈസൻസ് പുതുക്കാതിരുന്നത് എന്ന് ചൂണ്ടിക്കാട്ടിയ അവർ, ലൈസൻസ് ഫീസ് പുനപരിശോധിക്കുന്നതിനൊപ്പം ബി ബി സിക്ക് ഫണ്ട് നല്കുന്നതിനെ കുറിച്ചു പുനരവലോകനം നടത്തുമെന്നും പറഞ്ഞു.
ജനങ്ങൾക്ക് എത്ര തുക നൽകാൻ കഴിയുമെന്ന യാഥാർത്ഥ്യ ബോധത്തിൽ ഊന്നിവേണം ബി ബി സി തീരുമാനമെടുക്കാൻ എന്നായിരുന്നു പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രതികരണം. പ്രവർത്തനത്തിൽ കാര്യക്ഷമത വർദ്ധിപ്പിക്കാനും ലാഭം ഉണ്ടാക്കാനുമുള്ള ബി ബി സിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം, ജനങ്ങളിൽ കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാൻ എല്ലാവരും കഴിയുന്നത് ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഏതായാലും ബി ബി സി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. നിലവിലെ 159 പൗണ്ട് പ്രതിവർഷ ഫീസിന് പകരമായി ഒരു പുതിയ ഫണ്ടിംഗ് രീതി ആരംഭിക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. 2027 ഓടെ ബി ബി സിയുടെ റോയൽ ചാർട്ടർ അവസാനിക്കും. അതിനു ശേഷമായിരിക്കും പുതിയ രീതി നിലവിൽ വരാൻ സാധ്യതയുള്ളത്. രണ്ടുവർഷമായി മരവിപ്പിച്ചിരുന്ന ഫീസ് വർദ്ധനവ് വരുന്ന ഏപ്രിൽ മാസത്തോടെയായിരിക്കും പ്രാബല്യത്തിൽ വരിക
© Copyright 2024. All Rights Reserved