ബിസിസിഐ താക്കീത് നൽകിയിട്ടും രഞ്ജി ട്രോഫി കളിക്കാത്ത ഇന്ത്യൻ താരങ്ങൾക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഇന്ത്യൻ താരങ്ങളായ ഇഷാൻ കിഷനും ശ്രേയസ് അയ്യരും രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കാൻ തയാറായിരുന്നില്ല. ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ടിലുള്ള താരങ്ങൾക്ക് രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾ കളിക്കേണ്ടിവരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ മുന്നറിയിപ്പു നൽകിയിരുന്നു.എന്നാൽ ഇഷാൻ കിഷൻ ജാർഖണ്ഡിനായി കളിക്കാൻ തയാറായില്ല. ഐപിഎല്ലിനായുള്ള പരിശീലനത്തിലാണ് ഇഷാൻ കിഷൻ ഇപ്പോൾ. നടുവേദന ആയതിനാൽ രഞ്ജി ട്രോഫിയിൽ ഇറങ്ങാൻ സാധിക്കില്ലെന്നായിരുന്നു ശ്രേയസ് അയ്യരുടെ നിലപാട്. എന്നാൽ താരത്തിനു ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി കഴിഞ്ഞ ദിവസം ബിസിസിഐയ്ക്കു റിപ്പോർട്ട് നൽകിയിരുന്നു . ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിക്കുന്നതിൽ ഓരോ താരങ്ങൾക്കും ഓരോ നിയമമാണോയെന്ന് ഇർഫാൻ പഠാൻ ചോദിച്ചു.
പരുക്കേൽക്കുമെന്നു കരുതി ചില താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുകയാണെന്നും ഇർഫാൻ പഠാൻ ആരോപിച്ചു. ഇഷാൻ്റെയും ശ്രേയസ് അയ്യരുടേയും പേരെടുത്തു പറയാതെയായിരുന്നു ഇർഫാൻ പഠാൻ്റെ വിമർശനം. മാർച്ച് 22നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിനു തുടക്കമാകുന്നത്.
© Copyright 2023. All Rights Reserved