ഒട്ടേറെ യു കെ മലയാളികളാണ് ബെർമിംഗ്ഹാമിൽ താമസിക്കുന്നത്. ക്രൗൺ എലിസബത്ത് ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട എൻഎച്ച്എസ് ഹോസ്പിറ്റലുകൾ ഉള്ളത് ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് ഒട്ടേറെ തൊഴിൽ അവസരങ്ങൾ തുറന്നുകൊടുക്കുന്നു എന്നത് തന്നെയാണ് മലയാളികൾ യുകെയിലെ ബെർമിംഗ്ഹാമിൽ എത്താനുള്ള പ്രധാന കാരണം. ലണ്ടൻ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ നഗരം തുറന്നു കൊടുക്കുന്ന അവസരങ്ങളാണ് മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രധാനമായും ഈ നഗരത്തിലേക്ക് ആകർഷിച്ചിരുന്നത്. എന്നാൽ ഇന്ന് ബർമിംഗ്ഹാം നഗരം വാർത്തയിൽ നിറഞ്ഞു നിൽക്കുന്നത് കടബാധ്യതയുടെ പേരിലാണ് . വികസന പ്രവർത്തനങ്ങൾക്ക് പണം ഇല്ലാതായിരിക്കുന്നു. പണം കണ്ടെത്താൻ ബാർമിംഗ്ഹാം സിറ്റി കൗൺസിൽ ടാക്സ് കുത്തനെ ഉയർത്തിയിരിക്കുകയാണ്. 21 ശതമാനമാണ് കൗൺസിൽ ടാക്സിൽ വരുത്തിയിരിക്കുന്ന വർദ്ധനവ്. മലയാളികൾ ഉൾപ്പെടെ നഗരപരിധിയിൽ താമസിക്കുന്ന ജനങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യതയാണ് ടാക്സ് ഉയർത്തിയതോടെ വന്നിരിക്കുന്നത്.
ഉദാഹരണത്തിന് 300 പൗണ്ട് കൗൺസിൽ ടാക്സ് നൽകിയവർ ഇനിമുതൽ 363 പൗണ്ട് നൽകേണ്ടിവരും. കൗൺസിൽ ടാക്സ് ഉയർത്തുക മാത്രമല്ല പല വികസന പ്രവർത്തനങ്ങളും പണം ഇല്ലാത്തതിന്റെ പേരിൽ മുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
വിളക്കുകൾ കത്തിക്കാതിരിക്കുന്നതിലൂ പ്രതിവർഷം ഒരു മില്യൺ പൗണ്ട് വരെയും ഹൈവകളുടെ അറ്റകുറ്റ പണികൾ വെട്ടികുറച്ചാൽ 12 മില്യൺ പൗണ്ട് വരെയും ലാഭിക്കാമെന്നുമാണ് നഗരസഭയുടെ കണക്കുകൂട്ടൽ. മുതിർന്നവരുടെ സാമൂഹിക പരിചരണം പോലുള്ള കാര്യങ്ങളും വെട്ടികുറയ്ക്കാനാണ് തീരുമാനം. ഇതിലൂടെ 23.7 മില്യൺ പൗണ്ട് ആണ് ലാഭിക്കാൻ ലക്ഷ്യമിടുന്നത്.
നികുതി വർദ്ധിപ്പിക്കുകയും ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളിൽ വീഴ്ച വരുത്തുകയും ചെയ്യുന്ന കൗൺസിലിൻറെ നടപടിയിൽ വൻ ജനരോക്ഷമാണ് ഉയർന്നു വന്നിരിക്കുന്നത്. ബെർമിംഗ്ഹാം നഗരത്തെ ജനപ്രിയമാക്കിയിരുന്ന പല കാര്യങ്ങളും ഇല്ലാതായതോടെ ഇവിടേയ്ക്ക് മറ്റു സ്ഥലങ്ങളിൽ നിന്ന് വന്നു താമസിക്കുന്നവരുടെ ഒഴുക്ക് കുറയാനാണ് സാധ്യത.
ബെർമിംഗ്ഹാമിൽ തുടങ്ങിവച്ച പല ബിസിനസ് സംരംഭങ്ങളും വീണ്ടും നഷ്ടത്തിലേയ്ക്ക് കൂപ്പു കുത്താനുള്ള സാധ്യതയും മുന്നിലുണ്ട്.
പ്രോപ്പർട്ടി മാർക്കറ്റിലുൾപ്പെടെ നിക്ഷേപം നടത്തിയ മലയാളികൾ ഉൾപ്പെടെയുള്ളവർ കടുത്ത നിരാശയിലാണ്.
ഏറെ നാളുകളായി ബെർമിംഗ്ഹാം കൗൺസിൽ ഭരിക്കുന്ന ലേബർ പാർട്ടിയെയാണ് ഈ ദുരവസ്ഥയ്ക്ക് മിക്കവരും
മിക്കവരും കുറ്റപ്പെടുത്തുന്നത്. ഭരണകർത്താക്കളുടെ പിടിപ്പുകേടിന് ജനങ്ങൾ ബലിയാടാകേണ്ടതായി വരുന്ന അവസ്ഥയെന്നാണ് ഒട്ടുമിക്ക മലയാളികളും കൗൺസിൽ ടാക്സ് വർദ്ധിപ്പിച്ചതിനോട് പ്രതികരിച്ചത്. സിറ്റി കൗൺസിലിന്റെ മോശം പ്രകടനം വരുന്ന പൊതു തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന ഭയം ലേബർ പാർട്ടി നേതൃത്വത്തിനുണ്ട്.
© Copyright 2023. All Rights Reserved