ബൈഡൻ ഭരണകൂടം ഇന്ത്യയിൽ അവരുടെ ഇഷ്ടക്കാരെ തെരഞ്ഞെടുക്കാൻ ശ്രമം നടത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 21 ദശലക്ഷം ഡോളർ ഇന്ത്യയ്ക്ക് നൽകിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണെന്നും ട്രംപ് ആരോപിച്ചു. യുഎസ് എയ്ഡ് നിറുത്തലാക്കിയ ശേഷം പുറത്തു വന്ന കണക്കുകൾ ഇന്ത്യയിലും വിവാദമായിരിക്കെയാണ് ട്രംപിന്റെ പുതിയ വ്യാഖ്യാനം.
-------------------aud--------------------------------
ഇന്ത്യയിൽ 21 ദശലക്ഷം ഡോളർ അമേരിക്ക എന്തിന് ചെലവാക്കിയെന്നത് വ്യക്തമാക്കേണ്ടതുണ്ടെന്ന് ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പിന് നൽകുന്ന പണമെന്നാണ് ഈ തുകയെ വിശേഷിപ്പിക്കുന്നത്. തുക നൽകിയ ബൈഡൻ ഭരണകൂടം ഇന്ത്യയിൽ ആരെയോ തെരഞ്ഞെടുക്കാൻ ശ്രമിച്ചുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ട്രംപ് ആരോപിച്ചു.അമേരിക്ക നൽകിയ ഈ തുക കോൺഗ്രസിന് ലഭിച്ചുവെന്ന് നേരത്തെ ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ട്രംപിന്റെ പുതിയ പ്രസ്താവന കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കാനാണ് സാധ്യത. യുഎസ് എയ്ഡ് നിർത്തലാക്കാൻ പുതിയ അമേരിക്കൻ ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു. യുഎസ് എയ്ഡ് വഴിയുള്ള പണം കൂടുതലും എത്തിയത് ഇന്ത്യയിലെ ആരോഗ്യ മേഖലയിലേക്കാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്.
64 ശതമാനത്തോളം തുക ഇന്ത്യയിലെ എയ്ഡ്സ് ബോധവൽക്കരണം ഉൾപ്പെടെയുള്ള പരിപാടികൾക്ക് നൽകിയെന്നാണ് യുഎസിന്റെ തന്നെ രേഖകൾ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് രംഗത്തായാലും ആരോഗ്യമേഖലയിലായാലും ഏതൊക്കെ സംഘടനകൾക്കാണ് പണം കിട്ടിയതെന്ന് അമേരിക്ക ഇതുവരെ പുറത്തുവിട്ടിട്ടില്ല.
© Copyright 2024. All Rights Reserved