അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് സുനിതാ വില്യംസിനേയും ബുച്ച് വിൽമോറിനേയും തിരികെ എത്തിക്കാൻ എലോൺ മസ്കിന്റെ സഹായം തേടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബൈഡൻ ഭരണകൂടം യാത്രികരെ തിരികെയെത്തിക്കാൻ ഒന്നും ചെയ്തില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. സ്പേസ് എക്സ് വേണ്ടത് ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായി മസ്കും ട്വീറ്റ് ചെയ്തു.
-------------------aud--------------------------------
'സുനിത വില്യംസിനേയും വിൽമോറിനേയും ബഹിരാകാശത്ത് ബൈഡൻ ഭരണകൂടം ഉപേക്ഷിച്ചു. അവർ മാസങ്ങളായി സ്പേസ് സ്റ്റേഷനിൽ കാത്തിരിക്കുകയാണ്. അവരെ സുരക്ഷിതമായി എലോൺ തിരികെ എത്തിക്കുമെന്ന് പ്രതീക്ഷയുണ്ട്. എലോണിന് നല്ലത് വരട്ടെ', ഡോണൾഡ് ട്രംപ് പറഞ്ഞു.
ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ രണ്ട് ബഹിരാകാശ യാത്രികരെ തിരികെ എത്തിക്കാൻ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അവരെ എത്രയും വേഗം ഭൂമിയിലെത്തിക്കുമെന്ന് മസ്ക് പറഞ്ഞു. ബൈഡൻ ഭരണകൂടം അവരെ ഇത്രയും നാൾ അവിടെ ഉപേക്ഷിച്ചത് ഭയാനകമാണെന്നും എലോൺ മസ്ക് കൂട്ടിച്ചേർത്തു.
അടുത്ത വർഷം തുടക്കത്തോടെ തിരികെ എത്തിക്കുമെന്ന് നേരത്തെ നാസ അറിയിച്ചിരുന്നു. എന്നാൽ ലിഫ്റ്റ്ഓഫിനായി പുതിയ ക്യാപ്‌സ്യൂൾ തയ്യാറാക്കാൻ സ്‌പേസ് എക്‌സിന് കൂടുതൽ സമയം ആവശ്യമാണെന്നതിനെ തുടർന്ന് നാസ മടക്ക യാത്ര വീണ്ടും വൈകിപ്പിക്കുകയായിരുന്നു. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ തുടക്കത്തിലോ ഇവരെ തിരികെ എത്തിക്കാൻ സാധിക്കുമെന്നായിരുന്നു വിവരം. വേഗതയേക്കാൾ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് കൊണ്ടാണ് മടക്ക യാത്ര വൈകുന്നതെന്നും നാസ അറിയിച്ചിരുന്നു.
© Copyright 2024. All Rights Reserved