60 കോടി ബജറ്റിൽ പുറത്തിറങ്ങിയ കങ്കണ റണൗട്ട് ചിത്രം ‘എമർജൻസി’ ഒരാഴ്ച്ച പിന്നിടുമ്പോൾ ബോക്സ്ഓഫീസിൽ നേടിയത് 14.41 കോടി രൂപ മാത്രം. ഇന്ദിരാ ഗാന്ധിയായി കങ്കണ റണൗട്ട് വേഷമിട്ട ചിത്രം ജനുവരി 17 നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിന് ആദ്യം തിയേറ്ററുകളിൽ മാന്യമായ തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് ബോക്സ് ഓഫീസ് കളക്ഷനിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.
------------------aud------------------------------
ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സിനാണ്. ചിത്രത്തിൽ സഞ്‍ജയ് ഗാന്ധിയായി എത്തുന്ന മലയാളി താരം വൈശാഖ് നായരാണ്. കങ്കണ റണൗട്ട് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ആദ്യ ട്രെയിലർ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പിന്നാലെ സെൻസർ ബോർഡ് പലപ്പോഴായി ചിത്രത്തിൻറെ സെൻസർ സർട്ടിഫിക്കേറ്റ് വൈകിപ്പിച്ചതും വലിയ വാർത്തയായിരുന്നു. സെൻസർ ബോർഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിച്ച് സിനിമയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ തയ്യാറാണെന്ന് നിർമാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. സിനിമയ്ക്ക് പ്രദർശനാനുമതി ലഭിക്കാൻ ഏകദേശം 13 മാറ്റങ്ങളാണ് ബോർഡ് നിർദേശിച്ചത്. കങ്കണയുടെ മണികർണിക ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
‘എമർജൻസി’ കങ്കണ സംവിധനം ചെയ്ത രണ്ടാമത്തെ ചിത്രമാണ്. കങ്കണ റണൗട്ട് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ൽ പുറത്തെത്തിയ ‘മണികർണിക: ദ് ക്വീൻ ഓഫ് ഝാൻസി’യായിരുന്നു മുമ്പ് സംവിധാനം ചെയ്‍തത്. ഇത് കൃഷ് ജഗർലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്‍തത്. എമർജൻസിക്ക് മുൻപ് കങ്കണ നായികയായി എത്തിയ ചിത്രം ‘തേജസാ’ണ്. സർവേശ് മേവര സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ പരാജയമായിരുന്നു.
© Copyright 2024. All Rights Reserved