2024ൽ അമേരിക്കയിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെൻിൽ ബ്രസീൽ ടീമിൽ സൂപ്പർ താരം നെയ്മറുണ്ടാകില്ല. കാൽമുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതാണ് ടീമിൽനിന്ന് പുറത്താകാൻ കാരണമെന്ന് ബ്രസീലിയൻ ടീം ഡോക്ടർ റോഡിഗ്രോ ലാസ്മർ അറിയിച്ചു.
2024 ജൂൺ 20നാണ് കോപ്പ അമേരിക്ക ആരംഭിക്കുന്നത്. ജൂലൈ 14നാണ് ഫൈനൽ.
ഒക്്ടോബർ 17ന് ലോകകപ്പ് യോഗ്യത റൗണ്ടിൽ ഉറുഗ്വക്കെതിരായ മത്സരത്തിലാണ് നെയ്മറിന്റെ കാൽമുട്ടിന് പരിക്കേറ്റത്. തുടർന്ന് നവംബറിൽ വിജയകരമായി ശസ്ത്രകിയ പൂർത്തിയാക്കിയിരുന്നു.
താരത്തിന് 12 മാസം വരെ വിശ്രമം വേണ്ടിവരുമെന്നാണ് ശസ്ത്രകിയക്ക് ശേഷം ടീം വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നത്. നെയ്മറില്ലാത്തത് കോപ്പ അമേരിക്കയിൽ കാനറിപ്പടക്ക് വലിയ തിരിച്ചടിയാണ് നൽകുക. 129 മത്സരങ്ങളിൽനിന്നായി 79 ഗോൾ നേടിയ 31കാരൻ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ടോപ്‌സ്‌കോററാണ്.
കൊളംബിയയും പരാഗ്വയും അടങ്ങിയ ഗ്രൂപ്പ് ഡിയിലാണ് ബ്രസീൽ കോപ്പ അമേരിക്കയിൽ പോരിനിറങ്ങുക. കോസ്റ്ററിക്കയും ഹോണ്ടുറസും തമ്മിലെ പ്ലേഓഫിലെ വിജയിയായിരിക്കും ഗ്രൂപ്പിലെ മറ്റൊരു ടീം.
© Copyright 2023. All Rights Reserved