ബ്രാൻറിംഗ് ഇല്ലാതെ പണം നൽകില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാശിയിൽ അവതാളത്തിലായത് പ്രധാന പദ്ധതികൾ. സംസ്ഥാനത്ത് അഞ്ച് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പാണ് നിലവിൽ പ്രതിസന്ധി നേരിടുന്നത്. ബ്രാൻറിംഗ് ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും കെ ഫോണിനും മൂലധന ചെലവിനത്തിൽ സംസ്ഥാനത്തിന് അർഹമായ വിഹിതവും കേന്ദ്രം നൽകിയിട്ടില്ല. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ ലൈഫിന് വരെ നിലവിൽ പ്രതിസന്ധിയാണെന്നാണ് സംസ്ഥാന സർക്കാർ വിശദീകരിക്കുന്നത്. ലൈഫ് വീടിന് കേന്ദ്രം നൽകുന്നത് 75000 രൂപയാണ്. മൂലധന ചെലവിൽ 1925 കോടി കുടിശികയുണ്ട്.വിവിധ പദ്ധതികൾക്കും ഗ്രാൻറ് ഇനത്തിലും 5632 കോടിയുടെ കുടിശികയാണ് സംസ്ഥാനത്തിന് കിട്ടാനുള്ളത്.
പേരിന് പണം തരും, എന്നിട്ട് പേരെഴുതി വയ്ക്കണമെന്ന് പറയും എന്നതാണ് കേന്ദ്രത്തിൻറെ നയം. നാല് ലക്ഷം രൂപ ചെലവിൽ പണിയുന്ന ലൈഫ് വീട് ഒന്നിന് 75000 രൂപയാണ് കേന്ദ്ര വിഹിതം. പക്ഷെ പ്രധാൻമന്ത്രി ആവാസ് യോജന വഴി നിർമ്മിക്കുന്ന വീടുകൾക്ക് മൂന്നിരട്ടിയോളം തുക സംസ്ഥാനം ചെലവാക്കുന്നുണ്ട്. എന്നിട്ടും കേന്ദ്ര പദ്ധതിയെന്ന് ബോർഡ് വയക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
കേന്ദ്രമാനദണ്ഡപ്രകാരം സംസ്ഥാനത്തിന് കിട്ടാനുള്ള കാപ്പക്സ് വിഹിതം 1925 കോടി രൂപയാണ്. നെല്ല് സംഭരണം അടക്കം ഭക്ഷ്യ സുരക്ഷാ പദ്ധതികൾക്ക് കിട്ടേണ്ട 790 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട്. യുജിസി ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ 750 കോടിയും, നഗരവികസന ഗ്രാൻറ് 700 കോടിയും, ഗ്രാമ വികസന ഗ്രാൻറിനത്തിൽ 1260 കോടിയും നിലവിൽ കുടിശികയാണ്. എല്ലാം ചേർത്താൽ 5632 കോടി കേന്ദ്ര കുടിശിക ഉണ്ടെന്ന കണക്കാണ് സംസ്ഥാനം പുറത്തുവിട്ടിരിക്കുന്നത്.
© Copyright 2025. All Rights Reserved