ബ്രിട്ടനിലെ ആശുപത്രികളിൽ നേരിടുന്ന ഗുരുതര നഴ്‌സിംഗ് ക്ഷാമം മൂലം രോഗികൾ ഒറ്റയ്ക്ക് കിടന്ന് മരിക്കേണ്ട ഗതികേട് നേരിടുന്നതായി റിപ്പോർട്ട്. മൂന്നിലൊന്ന് ഷിഫ്റ്റുകളിൽ മാത്രമാണ് ആവശ്യത്തിന് നഴ്‌സുമാർ ഡ്യൂട്ടിക്കായി ലഭ്യമാകുന്നതെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് ഗവേഷണം വ്യക്തമാക്കുന്നു.
-------------------aud--------------------------------
നഴ്‌സുമാരുടെ ക്ഷാമം ഗുരുതരമായ തോതിൽ എത്തുന്നതോടെ ജീവനക്കാർക്ക് ഒരു സമയത്ത് ഡസൻ കണക്കിന് രോഗികളെ പരിചരിക്കേണ്ട അവസ്ഥ നേരിടുകയാണ്. ഒരു നഴ്‌സ് എത്ര രോഗികളെ കൈകാര്യം ചെയ്യുമെന്നതിന് സുരക്ഷിതമായ പരിധി ഏർപ്പെടുത്തണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്.
രോഗികളെ സുരക്ഷിതമായി പരിപാലിക്കാൻ സാധിക്കാതെ വരുന്നത് നഴ്‌സിംഗ് ജീവനക്കാരുടെ ആത്മവീര്യം കെടുത്തുന്നതായി ആർസിഎൻ പറഞ്ഞു. ആശുപത്രികളിലും, കമ്മ്യൂണിറ്റി സംവിധാനങ്ങളിലും കാൽശതമാനം ഷിഫ്റ്റുകളിൽ മാത്രമാണ് ആവശ്യമുള്ള തോതിൽ രജിസ്‌റ്റേഡ് നഴ്‌സുമാർ ഉണ്ടാവുകയെന്ന് സർവ്വെ പറയുന്നു. 51-ലേറെ രോഗികളെ പരിചരിക്കേണ്ടി വരുന്നതായി വൻ തോതിലാണ് എ&ഇ, ഔട്ട്‌പേഷ്യന്റ് നഴ്‌സുമാർ റിപ്പോർട്ട് ചെയ്തത്. 'ഞങ്ങൾക്ക് ആവശ്യത്തിന് സ്റ്റാഫില്ലാതെ വന്നതോടെ 60 സന്ദർശനങ്ങൾ വരെ ഒഴിവാക്കേണ്ട ദിവസങ്ങൾ വന്നിട്ടുണ്ട്. എപ്പോഴും തിരക്കാണ്', സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ കമ്മ്യൂണിറ്റി നഴ്‌സായി ജോലി ചെയ്യുന്ന ജീവനക്കാരി വെളിപ്പെടുത്തി.
ദിവസേന 50 രോഗികളെയെങ്കിലും കാണാതെ വിടേണ്ടി വരുന്നുണ്ട്, ജീവനക്കാരില്ലാത്തത് പ്രശ്‌നം. ഇത് ആശുപത്രിയിലെ തിരക്ക് കൂട്ടുകയും, മരണത്തിൽ കലാശിക്കുകയും ചെയ്യുന്നുണ്ട്, ഇത് ഹൃദയഭേദകമാണ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ നിന്നുള്ള മറ്റൊരു നഴ്‌സ് പറയുന്നു. 'മരണത്തിലേക്ക് പോകുന്ന രോഗികൾക്കൊപ്പം ഇരിക്കാൻ പറ്റാറില്ല. അതിനർത്ഥം അവർ ഒറ്റയ്ക്ക് കിടന്ന് മരിക്കുന്നുവെന്നാണ്', വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ നിന്നുള്ള നഴ്‌സ് വെളിപ്പെടുത്തി.
രോഗികളെ സുരക്ഷിതമാക്കാനുള്ള പോരാട്ടത്തിൽ നഴ്‌സുമാർ പരാജയപ്പെടുകയാണെന്ന് ആർസിഎൻ ആക്ടിംഗ് ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു. നഴ്‌സിംഗ് ജീവനക്കാരിൽ അടിയന്തര നിക്ഷേപം നടത്തുന്നതിന് പുറമെ നഴ്‌സ്-രോഗി അനുപാതം നിയമപരമായ രീതിയിൽ സുരക്ഷിതമായി നിലനിർത്തുകയും വേണം, അവർ വ്യക്തമാക്കി.
© Copyright 2024. All Rights Reserved