ബ്രിട്ടീഷ് ജനതയ്ക്കിടയിൽ പ്രധാനമന്ത്രി സർ കീർ സ്റ്റാർമറുടെ ജനപ്രീതിയിൽ വൻ ഇടിവുണ്ടായതായി പുതിയ അഭിപ്രായ സർവ്വേഫലം. ഒപ്പീനിയം നടത്തിയ സർവ്വേയിൽ കഴിഞ്ഞ ജൂലായ് മുതൽ സർ കീർ സ്റ്റാർമറുടെ ജനപ്രീതിയിൽ 45 പോയിന്റുകളുടെ ഇടിവുണ്ടായി എന്നാണ് ഫലം.
-------------------aud--------------------------------
ലേബർ പാർട്ടിയേയും സർക്കാരിനെയും ഞെട്ടിപ്പിച്ചു കൊണ്ട്, വെറും 24 ശതമാനം വോട്ടർമാർ മാത്രമാണ് ഇപ്പോൾ സ്റ്റാർമർ പ്രധാനമന്ത്രി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കും എന്ന് വിശ്വസിക്കുന്നത് എന്നും കണ്ടെത്തി.
പകുതിയോളം പേർ (50 ശതമാനം) അദ്ദേഹത്തിന്റെ പ്രവർത്തനത്തെ കുറിച്ച് വിപരീതാഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ അദ്ദേഹത്തിന്റെ ആകെയുള്ള റേറ്റിംഗ് മൈനസ് 26 ശതമാനമായി. പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്ത ജൂലായ് മാസത്തിൽ സ്റ്റാർമറുടെ റേറ്റിംഗ് പ്ലസ് 19 ശതമാനം ആയിരുന്നു എന്നതോർക്കണം. ഇപ്പോൾ, മൈനസ് 25 ശതമാനം റേറ്റിംഗ് ഉള്ള ഋഷി സുനകിന്റെ പുറകിലാണ് ജനപ്രീതിയുടെ കാര്യത്തിൽ പ്രധാനമന്ത്രി എന്നതാണ് ലേബർ വൃത്തങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. ലിവർപൂളിൽ പാർട്ടിയുടെ വാർഷിക സമ്മേളനം നടക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു സർവ്വേഫലം പുറത്തുവരുന്നത് എന്നത് നേതൃ നിരക്ക് ഏറെ ആശങ്കയുളവാക്കുന്നു.
പകുതിൽ അല്പം താഴെയാളുകൾ (45 ശതമാനം) സ്റ്റാർമർക്കും ലേബർ പാർട്ടിക്കും എതിരെ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ജൂലായിൽ പാർട്ടി അധികാരത്തിലേറിയതിന് ശേഷം ഇപ്പോൾ വരെയുള്ള കാലയളവിലാണ് ഈ അഭിപ്രായം രൂപപ്പെട്ടിരിക്കുന്നത്. സർക്കാരിന്റെ ആദ്യ ചില മാസങ്ങൾക്കുള്ളിൽ തന്നെ സർക്കാരിന് മികവ് തെളിയിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നത് 27 ശതമാനം പേർ മാത്രമാണ്. അതേസമയം 57 ശതമാനം പേർ വിശ്വസിക്കുന്നത് ഈ സർക്കാർ ഒരു പരാജയം ആകുമെന്നാണ്. 2024 ൽ ലേബർ പാർട്ടിക്ക് വോട്ട് ചെയ്തവരിൽ മൂന്നിലൊരാൾ (32 ശതമാനം) വീതം വിശ്വസിക്കുന്നതും സർക്കാർ പരാജയമാണെന്നാണ്.
ഏകദേശം 10 ദശലക്ഷം വരുന്ന പെൻഷൻകാരുടെ വിന്റർ ഫ്യുവൽ പേയ്മെന്റ് നിർത്തലാക്കാനുള്ള തീരുമാനമാണ് ഇത്രയധികം തിരിച്ചടിച്ചത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പൊതുവെ വിലയിരുത്തുന്നത്. മാത്രമല്ല, വരുന്ന ബജറ്റിൽ കൂടുതൽ കടുത്ത നടപടികൾ ഉണ്ടാകും എന്ന പ്രഖ്യാപനവും ഇതിൽ വലിയൊരു പങ്ക് വഹിച്ചതായി അവർ പറയുന്നു.
ലേബർ സർക്കാർ മുൻ സർക്കാരിനെകാൾ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു എന്ന് 30 ശതമാനം പേർ വിശ്വസിക്കുമ്പോൾ 34 ശതമാനം പേർ വിപരീതമായി ചിന്തിക്കുന്നവരാണ്. ലേബർ പാർട്ടിക്കുള്ളിലെ ഐക്യം തകർന്നു എന്ന് 37 ശതമാനം പേർ ചിന്തിക്കുമ്പോൾ അങ്ങനെയല്ല എന്ന് ചിന്തിക്കുന്നവർ 32 ശതമാനം മാത്രമാണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടയിൽ 1 ലക്ഷം പൗണ്ട് മൂല്യം വരുന്ന സമ്മാനങ്ങൾ കീർ സ്റ്റാർമർ സ്വീകരിച്ചുവെന്നുള്ള വിവാദം കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുൻപ് ഉയർന്ന് വന്നതായിരിക്കാം ഇത്തരത്തിൽ ചിന്തിക്കാൻ ലേബർ വോട്ടർമാരെ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
© Copyright 2024. All Rights Reserved