ന്യൂനപക്ഷ വംശജരിൽ പെട്ട മറ്റു പലരെയും പോലെ പർവേസ് അക്തറും തന്റെ മിഡിൽസ്ബറോയിലെ കട സംരക്ഷിക്കാൻ വേണ്ട നടപടികൾ കൈക്കൊണ്ടിരുന്നു. തന്റെ മോബൈൽ റിപ്പയർ ഷോപ്പിനൊപ്പം തന്റെ വീടിനേയും സംരക്ഷിക്കാൻ ഇയാൾ കമ്പിവേലി കെട്ടിയുയർത്തിയിട്ടുമുണ്ട്. എന്നിട്ടും, കഴിഞ്ഞ മാസത്തെ കലാപത്തിനിടയിൽ ഒരു സംഘം ഇയാളുടെ വീട്ടിലെത്തി. ചുറ്റിക കൊണ്ട് ജനലുകളെല്ലാം ഇവർ തകർത്തു. കാറിന്റെ മേൽ ചാടിക്കയറുകയും അതിന്റെ വിൻഡോയും ബോണറ്റുമൊക്കെ തകർക്കുകയും ചെയ്തു.
-------------------aud--------------------------------
പേടിച്ചരണ്ട തന്റെ മക്കളെയും കൊണ്ട് വീടിന്റെ മുകൾ നിലയിൽ അയാൾ ഒളിച്ചിരുന്നപ്പോൾ, ആ തെരുവിൽ പല കാറുകളും അഗ്‌നിക്കിരയാവുകയായിരുന്നു. തന്റെ പതിനൊന്ന് വയസ്സായ മകൻ തന്നെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു എന്നും അയാൾ പറയുന്നു. സൗത്ത്‌പോർട്ടിലെ വിദ്യാർത്ഥിനികളുടെ ദാരുണ കൊലപാതകത്തിന് ശേഷം ഉണ്ടായ കലാപത്തിന്റെ ഒരു മിനിയേച്ചർ മാത്രമാണിത്. ആയിരക്കണക്കിന് കുടിയേറ്റ- ന്യൂനപക്ഷ വംശജരായിരുന്നു ഭയന്ന് വിറച്ച് ദിവസങ്ങൾ തള്ളി നീക്കിയിരുന്നത്.
തീയണഞ്ഞെങ്കിലും, കനലുകൾ ഇപ്പോഴും ചാരം കൂടിക്കിടക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ഒരു റിപ്പോർട്ടാണ് ഐ ടി വി പുറത്തു വിട്ടിരിക്കുന്നത്. ഈ കലാപത്തിന് ശേഷം ബ്രിട്ടനിലെ സമൂഹ മാധ്യമങ്ങളിൽ തീവ്ര വലതുപക്ഷ വിഭാഗക്കാർ കൂടുതൽ സജീവമാകുന്നു എന്നതാണ് ആ റിപ്പോർട്ട്. സൗത്ത്‌പോർട്ട് സംഭവം നടന്ന് 48 മണീക്കൂറിനുള്ളിൽ തന്നെ ടെലെഗ്രാമിൽ ഇക്കൂട്ടർ സജീവമായതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഈ ചെറിയ സമയത്തിനുള്ളിൽ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിലെ സന്ദേശങ്ങളുടെ എണ്ണം 87 ശതമാനമായിരുന്നു വർദ്ധിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും അത് വർദ്ധിച്ചു കൊണ്ടേയിരുന്നു. പത്താ ം ദിവസമായപ്പോഴേക്കും ടെലെഗ്രാമിലെ തീവ്ര വലതുപക്ഷ പോസ്റ്റുകൾ 327 ശതമാനം വർദ്ധിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് ഡയലോഗ് നടത്തിയ ഗവേഷണത്തിന്റെ റിപ്പോർട്ടിൽ പറയുന്നത് ഇത്തരം ഗ്രൂപ്പുകളിൽ പൊതുവായി പരാമർശിക്കപ്പെട്ടിരുന്ന പേര് ടോമി റോബിൻസണിന്റെതായിരുന്നു എന്നാണ്.
ഇപ്പോൾ പ്രവർത്തനക്ഷമമല്ലാത്ത ഇംഗ്ലീഷ് ഡിഫൻസ് ലീഗിന്റെ മുൻ നേതാവായ ടോമി റോബിൻസണിന്റെ ആരാധവലയം ആരെയും അതിശയിപ്പിക്കുന്ന തരത്തിൽ വിപുലമാണ്. എക്സ് പ്ലാറ്റ് ഫോമിൽ പ്രത്യക്ഷപ്പെട്ട റോബിൻസണിന്റെ ഒരു പോസ്റ്റ് ഈ കലാപകാലത്ത് 434 മില്യൻ വ്യൂസ് ആണ് രേഖപ്പെടുത്തിയത്. റോബിൻസണിന്റെ പഴയ സഹപ്രവർത്തകനും ഇപ്പോൾ, താൻ നേരത്തെ ഉയർത്തിപ്പിടിച്ച ആശയങ്ങലെ നിരന്തരം എതിർക്കുന്നയാളുമായ ഐവാൻ ഹമ്പിളുമായി ഐ ടി വി ന്യൂസ് സംസാരിച്ചിരുന്നു. അയാൾ പറയുന്നത് സമൂഹ മാധ്യമങ്ങൾ ജനങ്ങൾക്കിടയിൽ തീവ്രവാദം പ്രചരിപ്പിക്കുന്നത് ഭയപ്പെടുത്തുന്നത്ര വേഗത്തിലാണ് എന്നാണ്.
ഇതിൽ ഏറ്റവും മോശമായത് ടെലെഗ്രാം ആണ് അവിടെ സന്ദേശങ്ങൾ എൻക്രിപ്റ്റഡ് ആയതിനാലാണ് ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ടെലെഗ്രാം കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. എന്നാൽ, മറ്റു സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകളും ഇപ്പോൾ തീവ്ര വലതുപക്ഷക്കാരുടെ കളിയരങ്ങായി മാറിയിരിക്കുകയാണ്.
© Copyright 2024. All Rights Reserved