യുകെയിലെ തദ്ദേശീയരായ പുതു തലമുറ ദൈവവിശ്വാസ വഴിയില്‍ നിന്ന് അകലുന്നതിന്റെ പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ പള്ളികള്‍ വലിയതോതില്‍ അടച്ചു പൂട്ടപ്പെടുകയാണ്. അതേസമയം കുടിയേറ്റ സമൂഹം തങ്ങളുടെ വിശ്വാസം പിന്തുടരുന്നുമുണ്ട്.
-------------------aud--------------------------------
കഴിഞ്ഞ ഒരു ദശകത്തിനിടെ യുകെയിലെ 3500-ലേറെ ക്രിസ്ത്യന്‍ പള്ളികളാണ് അടച്ചതെന്ന് നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റ് പറയുന്നു. ഭൂരിഭാഗവും വീടുകളും, കമ്മ്യൂണിറ്റി സെന്ററുകളുമായാണ് മാറിയത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 46 ശതമാനം ആളുകളാണ് 2021 സെന്‍സസ് പ്രകാരം ക്രിസ്ത്യാനികളായി അവകാശപ്പെടുന്നത്. 2011-ലെ സെന്‍സസില്‍ നിന്നും 13 ശതമാനത്തിന്റെ ഇടിവാണ് വിശ്വാസികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്നത്.
അതേസമയം, 2021-ലെ മുസ്ലീം വിശ്വാസികളുടെ എണ്ണം 6.5 ശതമാനം വര്‍ദ്ധിച്ച് 3.9 മില്ല്യണിലേക്കാണ് ഉയര്‍ന്നത്. 2011-ല്‍ ഇത് 2.7 മില്ല്യണായിരുന്നു. ഏതായാലും ഉപയോഗശൂന്യമായി കിടന്ന ഒരു പ്രമുഖ ക്രിസ്ത്യന്‍ പള്ളി 3.5 മില്ല്യണ്‍ പൗണ്ടിന് വാങ്ങി നൂതനമായ മുസ്ലീം പള്ളിയായി മാറ്റുകയാണ് മുസ്ലീം സംഘടന. 2015-ല്‍ അടച്ച ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ വാട്‌ഫോര്‍ഡിലെ സെന്റ് തോമസ് യുണൈറ്റഡ് റിഫോംഡ് ചര്‍ച്ച് പൊളിച്ച് പുതിയത് നിര്‍മ്മിക്കാനായിരുന്നു മുന്‍ പദ്ധതി.
ഇതിനുള്ള പ്ലാനിംഗ് പെര്‍മിഷന്‍ രണ്ട് തവണ അനുവദിക്കുകയും ചെയ്‌തെങ്കിലും പള്ളി പുനര്‍നിര്‍മ്മിക്കാനുള്ള സ്‌കീം മുന്നോട്ട് പോയില്ല. ഇതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രദേശത്തെ അര്‍ റഹ്മാന്‍ ട്രസ്റ്റ് പ്രോപ്പര്‍ട്ടി വാങ്ങുന്നത്. ഇപ്പോള്‍ 1.5 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് 20,000 സ്‌ക്വ. ഫീറ്റ് കെട്ടിടം പുനര്‍നിര്‍മ്മിച്ച് അടുത്ത വര്‍ഷത്തോടെ മസ്ജിദ് അല്‍ ഉമ്മാഹ് തുറക്കാമെന്നാണ് ചാരിറ്റി പ്രതീക്ഷിക്കുന്നത്.
പലിശ രഹിത ചാരിറ്റബിള്‍ ലോണുകളെന്ന നിലയില്‍ ഇസ്ലാമിക ഫിനാന്‍സിലൂടെയാണ് പള്ളി വാങ്ങാനുള്ള പണം ചാരിറ്റി നേടിയത്. ഈ മാസം തിരിച്ചടയ്ക്കാനുള്ള 500,000 പൗണ്ടിനുള്ള ക്രൗഡ്ഫണ്ടിംഗ് ഇതിനകം 452,555 പൗണ്ട് പിരിച്ചുകഴിഞ്ഞു. പ്രാര്‍ത്ഥനാ ഇടത്തിന് പുറമെ, വനിതാ ജിം, നഴ്‌സറി, ഫുഡ് ബാങ്ക്, ഖുറാന്‍ ക്ലാസുകള്‍, ഇസ്ലാമിക പഠനം, പ്രായമായവര്‍ക്കുള്ള ഇടങ്ങള്‍ എന്നിവയും മസ്ജിദില്‍ ഇടംപിടിക്കുമെന്നാണ് അര്‍ റഹ്മാന്‍ ട്രസ്റ്റ് വ്യക്തമാക്കുന്നത്.
വാട്‌ഫോര്‍ഡിലെ മുസ്ലീം സമൂഹം ചെറിയ എണ്ണത്തില്‍ നിന്നും 15,000-ലേക്ക് എത്തിയെന്നാണ് ഇവരുടെ വെബ്‌സൈറ്റ് പറയുന്നത്. കഴിഞ്ഞ വര്‍ഷം സ്റ്റാഫോഡ്ഷയറിലെ ഗ്രേഡ് 2 ലിസ്റ്റില്‍ വരുന്ന ചര്‍ച്ച് മുസ്ലീം പള്ളിയാക്കി മാറ്റുന്നത് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഇടപെട്ട് തടഞ്ഞിരുന്നു. എന്നാല്‍ ഇതിന് ശേഷം ബെഡ്‌ഫോര്‍ഡ്ഷയറിലും, ബ്ലാക്ക്‌ബേണിലും ക്രിസ്ത്യന്‍ പള്ളികള്‍ മുസ്ലീം പള്ളികളായി രൂപമാറ്റം നടത്തിയിരുന്നു.
© Copyright 2024. All Rights Reserved