അര്‍ദ്ധരാത്രിയില്‍ താപനില -8 സെല്‍ഷ്യസ് വരെ താഴുന്ന അവസ്ഥ വന്നതോടെ യുകെയില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍. 15 വര്‍ഷത്തിനിടെ ആദ്യമായാണ് സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ വിന്റര്‍ മഞ്ഞുവീഴ്ച നേരത്തെ എത്തിച്ചേരുന്നത്. ഇതോടെ ഗുരുതര കാലാവസ്ഥാ അടിയന്തരാവസ്ഥയാണ് ബ്രിട്ടനില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
യുകെയുടെ ഈസ്റ്റേണ്‍ തീരപ്രദേശങ്ങള്‍ക്ക് മഞ്ഞിനും, ഐസിനും സാധ്യതയുള്ള മഞ്ഞ കാലാവസ്ഥാ ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്‌കോട്ട്‌ലണ്ട് മുതല്‍ ഈസ്റ്റ് ആംഗ്ലിയ വരെ ഇത് നീളും. നോര്‍ത്തേണ്‍ അയര്‍ലണ്ട്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ഐസ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രാബല്യം തുടരും. രാത്രിയോടെ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ -6 സെല്‍ഷ്യസിലേക്കും, വെയില്‍സില്‍ -8 സെല്‍ഷ്യസിലേക്കും, സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങള്‍ -10 സെല്‍ഷ്യസിലേക്കും താഴ്ന്നിരുന്നു. ഇതിന്റെ ഫലമായി രാവിലെ വ്യാപകമായ തണുത്തുറയല്‍ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഓഫീസ് പറയുന്നു.
ഇന്ന് മുതല്‍ രാജ്യത്ത് മെറ്റീരിയോളജിക്കല്‍ വിന്റര്‍ ആരംഭിക്കുന്നതായിരിക്കും. ഇതിനെ തുടര്‍ന്നായിരിക്കും വരാനിരിക്കുന്ന ഏതാനും ദിവസങ്ങളില്‍ രാത്രികളിലും പകലുകളിലും തണുപ്പേറുന്നത്. രാജ്യത്ത് തണുപ്പേറുന്നതിന്റെ സൂചനയായി നവംബര്‍ 25ന് തന്നെ ബെന്‍സണില്‍ താപനില മൈനസ് 7.1 ഡിഗ്രിയും ഓക്‌സ്‌ഫോര്‍ഡ്‌ഷെയറില്‍ മൈനസ് 7.7 ഡിഗ്രിയുമായി താഴ്ന്നിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച കുംബ്രിയയിലെ ബ്രിഡ്ജ്ഫൂട്ടില്‍ താപനില മൈനസ് 7.2 ഡിഗ്രിയായി കുറയുകയും ചെയ്തിരുന്നു.
സഫോക്കിലെ സാന്റണ്‍ ഡൗണ്‍ഹാമില്‍ താപനില ഇന്നലെ രാവിലെ മൈനസ് 6.6 ഡിഗ്രിയായി കുറഞ്ഞിരുന്നു. വരാനിരിക്കുന്ന ദിവസങ്ങളില്‍ ദൈര്‍ഘ്യമേറിയ രാത്രികളും തെളിഞ്ഞ ആകാശവുമായിരിക്കുമെന്നും പകലുണ്ടാകുന്ന നേരിയ ചൂട് പോലും എളുപ്പത്തില്‍ ഇല്ലാതാകുന്നതിലൂടെ വരും ദിവസങ്ങള്‍ കൂടുതല്‍ തണുപ്പേറിയതായിരിക്കുമെന്നുമാണ് മെറ്റീരിയോളജിസ്റ്റുകള്‍ പ്രവചിക്കുന്നത്.
മിഡ്‌ലാന്‍ഡ്‌സിലും ഈസ്റ്റേണ്‍ ഇംഗ്ലണ്ടിലും പകല്‍ സമയത്തെ താപനില ഏറ്റവും താഴ്ന്നിരിക്കും. നാളെ പലയിടങ്ങളിലും പകല്‍ സമയത്തെ ഊഷ്മാവ് അസാധാരണമായ തോതില്‍ താഴുന്നതായിരിക്കുമെന്നാണ് പ്രവചനം. സമീപവര്‍ഷങ്ങളിലെ ഏറ്റവും തണുപ്പേറിയ നവംബറാണ് യുകെയിലെ മിക്കയിടങ്ങളിലും അനുഭവപ്പെട്ടിരുന്നത്. ഇത് പ്രമാണിച്ച് കഴിഞ്ഞ മാസം സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും നവംബറില്‍ താപനില പതിവിലുമധികം ഇടിഞ്ഞിരുന്നു.
ഐസ് നിറഞ്ഞ സാഹചര്യങ്ങളില്‍ ജാഗ്രത വേണമെന്ന് റോഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുണ്ട്. ഇത്തവണത്തെ ആദ്യത്തെ ഐസ് സാഹചര്യങ്ങളില്‍ ആളുകള്‍ വീഴാനും, പരുക്കേല്‍ക്കാനും സാധ്യതയുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ 4 ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്കാണ് സാധ്യത. താഴ്ന്ന ഇടങ്ങളില്‍ 0.8 ഇഞ്ച് മഞ്ഞിനും സാധ്യത കല്‍പ്പിക്കുന്നു. ഓക്‌സ്‌ഫോര്‍ഡ്ഷയറിലാണ് ചുരുങ്ങിയത് ഒരു സെന്റിമീറ്ററെങ്കിലും വരുന്ന മഞ്ഞ് വീണ ആദ്യ മേഖലയായി മാറിയത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ 15 വര്‍ഷത്തിനിടെ ആദ്യമായാണ് മഞ്ഞുവീഴ്ച നേരത്തെ എത്തുന്നത്.
ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഗുരുതര കാലാവസ്ഥാ എമര്‍ജന്‍സി പ്രോട്ടോകോള്‍ ആക്ടിവേറ്റ് ചെയ്തു. തലസ്ഥാനത്ത് ഇന്നലെ രാവിലെ തന്നെ താപനില പൂജ്യത്തിന് താഴേക്ക് പോയതോടെ വഴിയില്‍ കിടന്നുറങ്ങുന്നവര്‍ക്ക് താമസൗകര്യങ്ങള്‍ നല്‍കി.
© Copyright 2023. All Rights Reserved