കടൽ കടന്നോ കള്ളവണ്ടി കയറിയോ എത്തുന്നവരെ താമസിപ്പിക്കാൻ മാത്രം ബ്രിട്ടൻ മുടക്കുന്നത് ദിവസേന 80 ലക്ഷം പൗണ്ട് (80 കോടിയോളം രൂപ). രാജ്യത്തൊട്ടാകെ നാനൂറിലധികം ഹോട്ടലുകളാണ് ഇത്തരത്തിൽ കുടിയേറ്റക്കാരുടെ പുനരധിവാസത്തിനായി മാത്രം ഉപയോഗിക്കുന്നത്. കഴിഞ്ഞദിവസം ഹോം ഓഫിസ് പുറത്തുവിട്ട കണക്കാണിത്. നികുതിദായകരുടെ ഈ അധിക ബാധ്യത ഒഴിവാക്കാൻ സർക്കാർ പല നടപടികളും ആലോചിക്കുകയും ചിലത് നടപ്പാക്കുകയും ചെയ്തെങ്കിലും ശാശ്വത പരിഹാരം കാണാനായിട്ടില്ല.
ഇംഗ്ലിഷ് ചാനലിലൂടെ അനധികൃതമായി ബോട്ടിലെത്തുന്നവരെ താമസിപ്പിക്കാൻ ബ്രിട്ടൻ പത്തേമാരികൾ വാങ്ങിയിരുന്നു. അഭയാർഥികളെ ഹോട്ടലിനു പകരം ഇത്തരം പത്തേമാരികളിൽ പാർപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും ഇവിടേക്കു മാറാൻ അഭയാർഥികളായി എത്തുന്നവർ താൽപര്യം കാണിക്കുന്നില്ല. ഇതിനു തയാറാകാത്തവരെ നാടുകടത്തുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും നടപടികൾ കോടതി കയറുകയാണ്.
ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 3,793 പേരാണ് ഇംഗ്ലിഷ് ചാനലിലൂടെ അനധികൃത ബോട്ടുകളിൽ ബ്രിട്ടനിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 4,548 ആയിരുന്നു.
© Copyright 2023. All Rights Reserved