ബ്രിട്ടനിൽ അതി ശൈത്യവും മഞ്ഞുവീഴ്ചയും. പലയിടത്തും മഴ ദുരിതം കൂടിയായതോടെ ജനജീവിതത്തെ സാരമായി ബാധിച്ചു. റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു കാലാവസ്ഥ വ്യതിയാനം. മഞ്ഞിനെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മെറ്റ് ഓഫീസ്. കനത്ത മഞ്ഞുവീഴ്ചയിൽ ബ്രിട്ടനിൽ ജനജീവിതം താറുമാറായി. സതേൺ ഇംഗ്ലണ്ടിലും വെയിൽസിലും ഉണ്ടായ കനത്ത മഞ്ഞിനു പിന്നാലെ സ്കോട്ട്ലൻഡിലും രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലും മേഞ്ഞുമൂടിയിരിക്കുകയാണ്. വരുന്ന 48 മണിക്കൂർ പലയിടത്തും കൂടുതൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
-------------------aud--------------------------------
കഴിഞ്ഞ ദിവസം രാത്രി അടച്ച മാഞ്ചസ്റ്റർ, ലിവർപൂൾ വിമാനത്താവളങ്ങളുടെ റൺവേകൾ സേഫ്റ്റി അവലോകന മീറ്റിങ്ങിനു ശേഷം തുറന്നു എങ്കിലും നിരവധി സർവീസുകൾ റദ്ദാക്കി. ലീഡ്സ്, പ്രാഡ്ഫോർഡ് എയർപോർട്ടുകൾ ഇപ്പോഴും അടച്ചിരിക്കുകയാണ്. ഉച്ചയോടെ സ്ഥിതിഗതികൾ വിലയിരുത്തി സർവീസുകൾ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഹീത്രൂ, ഗാട്ട്വിക്ക്, ലുട്ടൻ, സ്റ്റാൻസ്റ്റഡ്, സിറ്റി എയർപോർട്ട് തുടങ്ങി ലണ്ടൻ നഗരത്തിലെ വിമാനത്താവളങ്ങളിൽ അപൂർവം സർവീസുകൾ വൈകിയെങ്കിലും റൺവേ അടയ്ക്കേണ്ട സാഹചര്യം ഉണ്ടായില്ല.
നോർത്തേൺ ഇംഗ്ലണ്ടിന്റെ പലഭാഗങ്ങളിലും 25 സെന്റിമീറ്റർ വരെ കനത്തിൽ മഞ്ഞുവീഴ്ചയുണ്ടായി. സ്കോട്ട്ലൻഡിൽ താപനില മൈനസ് 11 ഡിഗ്രിവരെ താഴ്ന്നു. നാഷനൽ റെയിലിന്റെ നോർത്തേൺ നെറ്റ്വർക്കിൽ ഗതാഗതതടസം തുടരുമെന്നാണ് മുന്നറിയിപ്പ്. ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ, സ്കോട്ട്റെയിൽ, ട്രാൻസ്പെന്നി എസ്ക്ര്പ്സ് എന്നിവയും സർവീസിൽ മുടക്കുമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിപ്പബ്ലിക് ഓഫ് അയർലൻഡിൽ 28,000 വീടുകളിൽ വൈദ്യുതി തകരാറിലായി. എന്നാൽ ബ്രിട്ടന്റെ ഭാഗമായ നോർത്തേൺ അയർലൻഡിൽ ഇക്കുറി മഞ്ഞുവീഴ്ചയുടെ ദുരിതം കുറവാണ്.
രാജ്യത്തിന്റെ പലഭാഗങ്ങളിലും മെറ്റ് ഓഫിസ് ആംബർ വാണിങ്ങ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ വാരാന്ത്യത്തിലെ യാത്രകൾ ഒഴിവാക്കണമെന്നും കഴിയുന്നതും ആളുകൾ വീടുകളിൽ തന്നെ തുടരണമെന്നും മുന്നറിയിപ്പുണ്ട്.
തെക്കു പടിഞ്ഞാറൻ ഇംഗ്ലണ്ട്, വെയിൽസിന്റെ ഭാഗങ്ങൾ, മിഡ്‌ലാൻഡ്‌സ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങി. ബ്രിസ്റ്റോൾ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. അത്യാവശ്യ യാത്രകളാണെങ്കിൽ മാത്രം പോകുക എന്നാൽ വിൽഷെയർ പൊലീസിന്റെ നിർദ്ദേശം.
കനത്ത മഞ്ഞുവീഴ്ചയിൽ പല റോഡുകളുടേയും ഗതാഗതം നിർത്തേണ്ടിവന്നു. താപനില പലയിടത്തും മൈനസ് പത്തിലേക്കെത്തി. ചിലയിടങ്ങളിൽ ഒരടി നാലിഞ്ച് കനത്തിൽ മഞ്ഞു വീണിരിക്കുകയാണ്. വെയിൽസിനെ പൂർണമായും മഞ്ഞുവീഴ്ച ബാധിച്ചതായി മെറ്റ്ഓഫീസ് വ്യക്തമാക്കുന്നു. സ്‌കോട്‌ലൻഡിന്റെ വടക്കൻ പ്രദേശങ്ങളിൽ രാവിലെ 10 വരെയായിരിക്കും മുന്നറിയിപ്പ് ഉണ്ടായിരിക്കുക.
© Copyright 2024. All Rights Reserved