ബ്രിട്ടനിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ വലിയ കടമ്പയായി മാറുകയാണ്. കുടിയേറ്റ കുടുംബങ്ങളെ സംബന്ധിച്ച് ഡ്രൈവിംഗ് ലൈസൻസ് അനിവാര്യമാണ്. ജോലി സംബന്ധമായോ, യാത്രകൾക്കോ എല്ലാം ഒരു വാഹനം കൈയിലുണ്ടെങ്കിൽ കുടുംബത്തോടൊപ്പം യാത്ര സൗകര്യപ്രദമാകും. എന്നാൽ യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റ് അത്ര എളുപ്പത്തിൽ പാസാകാൻ സാധിക്കില്ലെന്നാണ് ഡിവിഎസ്എ കണക്കുകൾ തന്നെ തെളിയിക്കുന്നത്.
നിലവിൽ രാജ്യത്തെ ഡ്രൈവിംഗ് തിയറി ടെസ്റ്റുകൾ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലാമെന്ന് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2007/08 കാലത്ത് തിയറി ടെസ്റ്റ് പാസാകാനുള്ള സാധ്യത 65.4 ശതമാനമായിരുന്നെങ്കിൽ 2022/23 വർഷമായതോടെ ലേണേഴ്‌സിന് രക്ഷപ്പെടാനുള്ള വിജയസാധ്യത കേവലം 44.2 ശതമാനത്തിലേക്കാണ് ചുരുങ്ങിയതെന്ന് ഡിവിഎസ്എ കണക്കുകൾ തെളിയിക്കുന്നു.
വിവിധ മേഖലകളിൽ വിജയശതമാനത്തിന്റെ അനുപാതത്തിൽ സാരമായ വ്യത്യാസം നിലനിൽക്കുന്നതായി എഎ ഡ്രൈവിംഗ് സ്‌കൂൾ നടത്തിയ പരിശോധനയിൽ വ്യക്തമായി. ചോദ്യങ്ങളുടെ എണ്ണം കൂടിയതും, പരിഭാഷകരുടെ സഹായം പിൻവലിച്ചതിനും പുറമെ പുതിയ തിയറി ടെസ്റ്റ് ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചതും ചേർന്നാണ് ഈ പ്രത്യാഘാതം സൃഷ്ടിച്ചതെന്നാണ് കരുതുന്നത്.
സ്‌കോട്ട്‌ലണ്ടിലെ എവിമോറിലുള്ള ടെസ്റ്റ് സെന്ററിലാണ് ഏറ്റവും ഉയർന്ന വിജയശതമാനമുള്ളത്. ഇംഗ്ലണ്ടിലെ ടെസ്റ്റ് സെന്ററുകളിൽ നിന്നും തിയറി ജയിച്ച് കയറുന്നത് വളരെ കഠിനമാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. യുകെയിൽ സമീപകാലത്തു എത്തിയ നിരവധി മലയാളികൾ ലേണേഴ്‌സിന് വിജയം നേടാൻ പലതവണയായി പരിശ്രമിക്കേണ്ട സ്ഥിതിയാണ്.
© Copyright 2023. All Rights Reserved