ബ്രിട്ടനിൽ വാടകയ്ക്ക് കഴിയുന്നവർ അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധി. ലണ്ടന് പുറത്ത് പോലും ശരാശരി വാടക റെക്കോർഡ് നിരക്കായ 1280 പൗണ്ടിലെത്തിയിരിക്കുന്നു. ഓരോ മാസവും വാടക നൽകാൻ ബുദ്ധിമുട്ടുകയാണ് വാടകക്കാർ. ജോലി ചെയ്യുന്ന പണത്തിന്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് പോകുന്നതോടെ ഭക്ഷണവും മറ്റു അവശ്യ കാര്യങ്ങളും നടക്കുന്നത് പോലും ബുദ്ധിമുട്ടായി മാറുകയാണ്.
റെക്കോർഡ് വാടകയാണ് ബ്രിട്ടനിലെ വാടക്കാർക്ക് ഓരോ മാസവും എണ്ണിക്കൊടുക്കേണ്ടി വരുന്നതെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ജനങ്ങൾക്ക് താങ്ങാൻ കഴിയുന്നതിന്റെ പരമോന്നതിയിലേക്ക് ഈ നിരക്കുകൾ എത്തിക്കഴിഞ്ഞെന്നാണ് റൈറ്റ്മൂവ് വ്യക്തമാക്കുന്നത്. ഓരോ മാസവും താങ്ങാൻ കഴിയുന്ന നിരക്കിന്റെ പരമോന്നതിയിലാണ് വാടക നിരക്കുകളെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
വിപണിയിലെത്തുന്ന പുതിയ പ്രോപ്പർട്ടികൾക്കായി ചോദിക്കുന്ന ശരാശരി വാടക നിരക്കുകളാണ് പ്രതിമാസം 1280 പൗണ്ട് എന്ന റെക്കോർഡ് തൊട്ടിരിക്കുന്നത്. തലസ്ഥാനത്തിന് പുറത്തുള്ള ഇടങ്ങളിലാണ് ഈ അവസ്ഥയെന്ന് റൈറ്റ്മൂവ് പറയുന്നു. ചോദിക്കുന്ന വാടക തുടർച്ചയായി 16-ാം തവണയാണ് റെക്കോർഡ് ഇടുന്നത്. ഇനിയും വാടക വർദ്ധന തുടർന്നാൽ അത് ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത അവസ്ഥയാകുമെന്നാണ് സൂചനകൾ. അതേസമയം തങ്ങളുടെ വെബ്‌സൈറ്റിലെത്തുന്ന റെന്റൽ പ്രോപ്പർട്ടികളിൽ പരസ്യപ്പെടുത്തുന്ന വാടക നിരക്കുകളിൽ 23 ശതമാനം വരെ കുറവ് വരാറുണ്ടെന്ന് റൈറ്റ്മൂവ് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ 16 ശതമാനത്തിൽ നിന്നാണ് ഈ വർദ്ധന. ഇതിനിടെ വാടക വളർച്ചയുടെ വേഗത കുറയുന്നതായി പ്രോപ്പർട്ടി വെബ്‌സൈറ്റ് കൂട്ടിച്ചേർക്കുന്നു.
ജീവിതച്ചെലവ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ജനത്തിന് വലിയ പ്രഹരമാണ് വാടകയിലെ കുതിപ്പ് മൂലം ഉണ്ടാവുന്നത്.
© Copyright 2024. All Rights Reserved