ബ്രിട്ടനിലേക്കുള്ള നിയമപരമായ കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നേരത്തേ പാസ്സാക്കിയ പുതിയ ബില്ലുകൾ ആഴ്ച്ചകൾക്കുള്ളിൽ നിലവിൽ വരും.വിദേശ തൊഴിലാളികൾക്ക് വിസ ലഭിക്കാൻ ആവശ്യമായ പുതുക്കിയ മിനിമം വേതനം ഉൾപ്പടെയുള്ളവയാണ് ഈ നിയമങ്ങൾ. ബ്രിട്ടനിലേക്ക് വരുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിരവധി നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് കഴിഞ്ഞ ഡിസംബറിലായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്. കെയർ വർക്കർമാർക്ക് യു കെയിലേക്ക് കുടുംബാംഗങ്ങളെയോ ആശ്രിതരെയോ കൊണ്ടു വരുന്നതിനുള്ള നിയന്ത്രണം മാർച്ച് 11 മുതൽ നിലവിൽ വരും. അതുപോലെ, കുടിയേറ്റക്കാരെ സ്പോൺസർ ചെയ്യുന്നതിന് കെയർ ദാതാക്കൾക്ക് കെയർ ക്വാളിറ്റി കമ്മീഷനിൽ റെജിസ്റ്റർ ചെയ്യുന്നതിനുള്ള നിബന്ധനയും അതേ ദിവസം പ്രാബല്യത്തിൽ വരും.അതുപോലെ, യു കെയിലേക്ക് സ്‌കിൽഡ് വർക്കർ വിസ ലഭിക്കുന്നതിനുള്ള മിനിമം വേതനം നിലവിലെ 26,200 പൗണ്ടിൽ നിന്നും 38,7000 പൗണ്ട് ആയി ഉയരുന്നത് ഏപ്രിൽ 4 മുതൽ ആയിരിക്കും.അതുപോലെ യു കെയിൽ ജോലി ചെയ്യുന്നവർക്ക് ആശ്രിതരെ കൂടെ കൊണ്ടു വരുന്നതിനുള്ള ഫാമിലി വിസക്ക് ആവശ്യമായ മിനിമം വേതനവും വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ 18,600 പൗണ്ട് എന്നതിൽ നിന്നും ഇത് 29,000 പൗണ്ട് ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ മാറ്റം ഏപ്രിൽ 11 മുതലായിരിക്കും നിലവിൽ വരിക. എന്നാൽ, ഈ മിനിമം തുക 29,000 പൗണ്ടിൽ നിന്ന് എപ്പോൾ വർദ്ധിപ്പിക്കും എന്നതിനെ കുറിച്ച് വ്യക്തമായ ഒരു തീയ്യതി വെളിപ്പെടുത്തിയിട്ടില്ല.കഴിഞ്ഞ വർഷം ആദ്യമായി ഈ നടപടികൾ പ്രഖ്യാപിച്ചപ്പോൾ ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി ഏറെ ആരോപണങ്ങൾക്ക് വിധേയമായിരുന്നു. അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, ജൂനിയർ ഡോക്ടർമാർ എന്നിവർ ഉൾപ്പടെ പ്രൊഫഷണൽ രംഗത്ത് ജോലി ചെയ്യുന്ന പലർക്കും വിദേശങ്ങളിലുള്ള പ്രിയപ്പെട്ടവരെ ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ കഴിയില്ല എന്നതായിരുന്നു പ്രധാനമായി ഉയർന്ന ആരോപണംഅതേസമയം, നിലവിൽ യു കെയിൽ താമസിക്കുന്ന കുടുംബങ്ങൾക്കും, ഈ മിനിമം വേതനം ഇല്ലെങ്കിൽ, വിസ കാലാവധി കഴിഞ്ഞ് പുതുക്കുമ്പോൾ എന്ത് സംഭവിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതും പ്രതിഷേധത്തിന് കാരണമായി. എന്നാൽ, ഇതിനോടകം വിസ നീട്ടാനായി നൽകിയിട്ടുള്ള അപേക്ഷകൾ പഴയ നിയമത്തിന്റെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുമെന്ന് ജെയിംസ് ക്ലെവർലി വ്യക്തമാക്കിയിരുന്നു.
© Copyright 2024. All Rights Reserved