കഴിഞ്ഞ 15 വർഷക്കാലമായി ബ്രിട്ടനിലെ ദരിദ്രർ ദരിദ്രരായി തന്നെ തുടരുകയാനെന്ന് സെന്റർ ഫോ സോഷ്യൽ ജസ്റ്റിസ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. വർദ്ധിക്കാത്ത വേതനം, കുടുംബപ്രശ്‌നങ്ങൾ, മതിയായ താമസ സൗകര്യമില്ലായ്മ, കുറ്റകൃത്യങ്ങൾ, മാനസിക ആരോഗ്യ പ്രശ്നങ്ങൾ, എന്നിവയ്ക്കൊപ്പം മറ്റു പല പ്രശ്നങ്ങളും കോവിഡ് കാലത്ത് പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വർദ്ധിപ്പിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. ജീവിത ചെലവുകൾ വർദ്ധിച്ചു വരുന്ന സമയത്ത് അവർക്ക് സഹായമെത്തിക്കേണ്ടുന്നതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ ഊന്നി പ്പറയുന്നുണ്ട്.
വിക്ടോറിയൻ കാലഘട്ടത്തിന് ശേഷം ബ്രിട്ടീഷ് സമൂഹത്തിൽ ദൃശ്യമല്ലാതിരുന്ന, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പ്രകടമായ അന്തരം തിരിച്ചുവന്നേക്കുമെന്ന സൂചനയും റിപ്പോർട്ട് നൽകുന്നു. സമൂഹം ആഴത്തിൽ വിഭജിക്കപ്പെടാൻ പോകുന്നുവെന്നും, താഴേക്കിടയിലുള്ളവരുടെ ജീവിതം കൂടുതൽ ദുരിതപൂർവ്വമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടകരമായ നിലയിലേക്കാണ് ഈ വിടവ് പോകുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കോവിഡ് കാലത്തെ ലോക്ക്ഡൗണുകൾ സാഹചര്യം കൂടുതൽ വഷളാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. യുവജനങ്ങൾക്കിടയിൽ മാനസിക പ്രശ്നങ്ങൾ വർദ്ധിക്കാൻ അത് ഇടയാക്കി. സ്‌കൂളുകളിൽ ഹാജർ കുറഞ്ഞപ്പോൾ, വർക്കിംഗ് ഏജ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരുടെ എണ്ണം വർദ്ധിച്ചു. സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നവർക്കിടയിൽ, എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമാനമായിരുന്നു കോവിഡ് ലോക്ക്ഡൗൺ എന്ന് സി ജെ എസ് ചീഫ് എക്സിക്യുട്ടീവ് ആൻഡി കുക്ക് പറഞ്ഞു.
സമ്പത്തിന്റെ വിതരണത്തിൽ കേവലം ചർച്ചകൾക്ക് അപ്പുറം നാം പലതും ചെയ്യേണ്ടതുണ്ടെന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം, വിദ്യാഭ്യാസം, തൊഴിലില്ലായ്മ, കടബാധ്യത, മയക്കുമരുന്ന്, കുടുംബ പ്രശ്നങ്ങൾ എന്നിവയുടെയൊക്കെ മൂല കാരണങ്ങൾ കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൺഡേ ടൈംസ് മുൻ എഡിറ്റർ മാർട്ടിൻ ലിവെൻസ്, മുൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ലോർഡ് കിംഗ്, ലേപർ പാർട്ടി നേതാവും ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മേയറുമായ ആൻഡി ബേൺഹാം, കൺസർവേറ്റീവ് എം പി മിറിയം കെയ്റ്റ്സ് എന്നിവരടങ്ങിയ സമിതിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
ഈ പഠനത്തിനായി 6000 പേരിലായിരുന്നു ജെ എൽ പാർട്നേഴ്സ് സർവ്വേ നടത്തിയത്. അതിൽ പകുതിയോളം പേർ അതിദാരിദ്യത്തിൽ ജീവിക്കുന്ന ഏറ്റവും കുറവ് വേതനം കൈപ്പറ്റുന്നവരുമായിരുന്നു. യു കെയിൽ അങ്ങോളമിങ്ങ്ളോളം 20 പട്ടണങ്ങളിലും നഗരങ്ങളിലുമായാണ് സർവ്വേ നടത്തിയത്. 350 ഓളം ചാരിറ്റി സംഘടനകളുടെ അഭിപ്രായവും ക്രോഡീകരിച്ചിട്ടുണ്ട്. സാമൂഹ്യ സ്ഥാപനങ്ങൾ, നയരൂപീകരണ വിദഗ്ധർ എന്നിവരുമായി ചർച്ചകൾ നടത്തിയിട്ടും കൂടിയാണ് ഈ റിപോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വരുന്ന വസന്തകാലത്ത് പോളിസി റെക്കമെൻഡേഷനുകളായി ഈ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
© Copyright 2024. All Rights Reserved