എട്ടോളം പ്രമുഖ ടെക്ക് കമ്പനികളുടെ നിര്‍മ്മിതി ബുദ്ധി മാതൃകകള്‍ പുറത്തു വിടുന്നതിന് മുന്‍പായി പരിശോധിക്കാന്‍ ഒരു പുതിയ കരാര്‍ അനുസരിച്ച് കഴിയുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വെളിപ്പെടുത്തി. രണ്ടു ദിവസമായി ബ്ലെറ്റ്ച്ലി പാര്‍ക്കില്‍ നടന്നു വന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്‌ട്രേലിയ, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, കൊറിയ, സിംഗപ്പൂര്‍, യു . എസ്, യു കെഎന്നീ രാജ്യങ്ങളാണ് പ്രമുഖ കമ്പനികളുടെ മോഡലുകള്‍ ടെസ്റ്റ് ചെയ്യുന്നതിനുള്ള കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.
ഇതുവരെ, പുതിയ എ ഐ മാതൃകകളുടെ സുരക്ഷ പരിശോധിച്ചിരുന്നത് അത് വികസിപ്പിച്ചെടുക്കുന്ന കമ്പനികള്‍ മാത്രമായിരുന്നു. ഇത് മാറേണ്ടതുണ്ട് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ അടങ്ങിയ സദസ്സിനോട് ഋഷി പറഞ്ഞു. സമാന ചിന്താഗതിക്കാരായ രാജ്യങ്ങളും, എ ഐ കമ്പനികളും ഇതു സംബന്ധിച്ച് ഒരു കരാറില്‍ എത്തിച്ചേര്‍ന്നതായും ഋഷി സുനക് അറിയിച്ചു. പുതിയ എ ഐ മോഡലുകള്‍ പുറത്തിറങ്ങുന്നതിനു മുന്‍പായി സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരുമിച്ച് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
താനും അമേരിക്കന്‍ വൈസ് പ്രസിഡണ്ട് കമലാ ഹാരിസും തമ്മിലുള്ള ചര്‍ച്ചകളുടെ ഫലമായാണ് ഇത് സാധ്യമായതെന്നും ഋഷി പരഞ്ഞു. പൊതു മേഖലക്ക് പരിശോധന സാധ്യമാകുന്ന വിധത്തില്‍ ബ്രിട്ടീഷ്- അമേരിക്കന്‍ സര്‍ക്കാരുകള്‍ ഒരുമിച്ച് എ ഐ സുരക്ഷാ ഇന്‍സ്റ്റിറ്റിയുട്ടുകള്‍ സ്ഥാപിക്കും. ഇന്നലെ മറ്റു രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ഫ്രണ്ടിയര്‍ എ ഐ റിസ്‌കുകള്‍ അഭിസംബോധന ചെയ്യുന്നതിനായി ഒരു അന്താരാഷ്ട്ര ഉപദേശക സമിതി ഉണ്ടാക്കുമെന്നും ഋഷി അറിയിച്ചു. ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ മാതൃകയില്‍, ഉച്ചകോടിയില്‍ പങ്കെടുത്ത 28 രാജ്യങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയായിരിക്കും ഇത് രൂപീകരിക്കുക. അതിന് സെക്രട്ടറിയേറ്റ് സപ്പോര്‍ട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുമെന്നും ഋഷി അറിയിച്ചു
© Copyright 2023. All Rights Reserved