മത്സരത്തിലെ നാലാം ഓവർ എറിയാൻ നായകൻ ഷായ് ഹോപ്പ് അൽസാരി ജോസഫിനെ വിളിച്ചു. ഫീൽഡർമാരെ വിന്യസിക്കുന്നത് സംബന്ധിച്ച് ജോസഫ് നായകനുമായി ഏറെനേരം സംസാരിച്ചശേഷമാണ് ബൗളിങ് തുടങ്ങിയത്. ഓവറിനിടെ ജോസഫിന്റെ പന്തിൽ ഇംഗ്ലണ്ട് താരം ജോർദാൻ കോക്‌സിന്റെ ഷോട്ട് പോയിന്റിലൂടെ പോയി. ഉടൻ തന്നെ സ്ലിപ്പ് ഫീൽഡിങ് വിന്യാസത്തിൽ അൽസാരി ജോസഫ് ക്യാപ്റ്റനോട് അതൃപ്തി പ്രകടിപ്പിച്ചു. തുടർന്ന് അൽസാരി ജോസഫിന്റെ ആ ഓവറിൽത്തന്നെ 148 കിലോമീറ്റർ വേഗത്തിലെറിഞ്ഞ ബൗൺസറിൽ വിക്കറ്റ് കീപ്പർ പിടിച്ച് കോക്‌സ് പുറത്തായി. എന്നാൽ വിക്കറ്റ് നേട്ടത്തിൽ സന്തോഷം പ്രകടിപ്പിക്കാതിരുന്ന അൽസാരി ജോസഫ് നായകനോട് വിരൽചൂണ്ടി ദേഷ്യപ്പെട്ട് സംസാരിച്ചശേഷം ഗ്രൗണ്ട് വിടുകയായിരുന്നു. ഇതു കണ്ട കാണികൾ സ്തബ്ധരായി. ഇതിനിടെ ബൗണ്ടറി ലൈനിനരികിൽ നിന്ന കോച്ച് ഡാരിൻ സമി അൽസാരി ജോസഫിനെ ശാന്തനാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
എന്നാൽ ഇതൊന്നും ഗൗനിക്കാതെ അൽസാരി ജോസഫ് ഡഗ്ഔട്ടിലെ ഇരിപ്പിടത്തിൽ പോയി ഇരുന്നു. ഇതോടെ വിൻഡീസ് ടീം 10 പേരായി ചുരുങ്ങി. തുടർന്ന് പകരക്കാരനായി ഹെയ്ഡൻ വാൽഷ് ജൂനിയർ ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ, അൽസാരി ജോസഫ് വീണ്ടും ഗ്രൗണ്ടിലേക്ക് തിരിച്ചു വരികയായിരുന്നു.
© Copyright 2024. All Rights Reserved