2023-24 സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് മികച്ച രീതിയിൽ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് കനത്ത തിരിച്ചടി നൽകുന്ന വാർത്ത. മുംബൈ സിറ്റി എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റ ടീമിന്റെ ലെഫ്റ്റ് ബാക്ക് താരം ഐബൻ ഡോഹ്ലിങ് ഈ സീസണിൽ ഇനി കളിക്കില്ല എന്നതാണത്. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ഞപ്പട ആരാധകരെ കടുത്ത നിരാശയിലേക്ക് തള്ളിയിടുന്ന വാർത്തയാണിത്. മുംബൈ സിറ്റി എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട കളിയിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം പിടിച്ചിരുന്ന കളിക്കാരനാണ് ഐബാൻബ ഡോഹ്ലിങ്. എന്നാൽ മത്സരത്തിനിടെ പരിക്കേറ്റ താരത്തെ ഇടയ്ക്ക് വെച്ച് കേരള ബ്ലാസ്റ്റേഴ്സിന് പിൻവലിക്കേണ്ടി വന്നു. സന്ദീപ് സിങ്ങാണ് പിന്നീട് മഞ്ഞപ്പടയുടെ ഇടത് ബാക്കിൽ കളിച്ചത്. ഐബൻബയുടെ പരിക്ക് അല്പം ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. 2023-24 സീസണിലെ നല്ലൊരു ഭാഗം മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകുമെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. എന്നാൽ അതിനിടെയാണ് സീസൺ പൂർണമായും നഷ്ടമാകുമെന്ന് സൂചിപ്പിച്ചുകൊണ്ട് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ വലിയ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ് ഇത്. "സീസണിലെ ഇത്രയും നിർണായകമായ സമയത്ത് ഈ പരിക്ക് സംഭവിച്ചത് എന്നെ തകർത്തു. ഇന്ത്യൻ സൂപ്പർ ലീഗിൽ (ഈ സീസണിൽ) ഇനി ടീമിനായി കളിക്കാൻ എനിക്ക് കഴിയില്ല. ഇനി സഹതാരങ്ങളെ പിന്തുണയ്ക്കുകയാണ് എനിക്ക് ചെയ്യാനുള്ളത്. പതിവിലും കരുത്തോടെ തിരിച്ചെത്തുന്നതിന് സാധ്യമായ എല്ലാം ഞാൻ ചെയ്യും." ഐബാൻബ ഡോഹ്ലിങ് കുറിച്ചു.
© Copyright 2024. All Rights Reserved